യുദ്ധം ചെയ്യാനല്ല ഇന്ത്യയിലേക്ക് പോകുന്നത് ക്രിക്കറ്റ് കളിക്കാൻ; മാധ്യമപ്രവര്‍ത്തകന്‍റെ വായടപ്പിച്ച് ഹാരിസ് റൗഫ്
ലാഹോര്‍: അവസാന മണിക്കൂര്‍ വരെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും ഇന്ത്യ വിസ അനുവദിച്ചത്. ഏകദിന ലോകകപ്പ് കളിക്കാനായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ന് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. ലോകകപ്പില്‍ അടുത്തമാസം 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരുലക്ഷത്തില്‍പ്പരം കാണികള്‍ക്ക് മുമ്പില്‍ നടക്കുന്ന മത്സരം ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് വാര്‍ത്താസമ്മേളനത്തിനെത്തിയ പാക് പേസര്‍ ഹാരിസ് റൗഫിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത് ഇന്ത്യയുമായുള്ള മത്സരങ്ങളില്‍ പഴയ അക്രമണോത്സുകത ഇപ്പോള്‍ പാക് ടീമിനില്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു. ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല പോകുന്നതെന്നും ക്രിക്കറ്റ് കളിക്കാനാണെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ വായടപ്പിച്ച് റൗഫ് നല്‍കിയ മറുപടി.
ഞാനെന്തിനാണ് ഇന്ത്യക്കാരുമായി അടികൂടുന്നത്. ഇത് ക്രിക്കറ്റാണ്, യുദ്ധമല്ലല്ലോ എന്നും റൗഫ് പറഞ്ഞു. ലോകകപ്പില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമായല്ല ഇറങ്ങുന്നതെന്നും ടീമിന്‍റെ മികച്ച പ്രകടനം മാത്രമാണ് ലക്ഷ്യമെന്നും റൗഫ് പറഞ്ഞു. ഏഷ്യാ കപ്പിനിടെ ഏറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായെന്നും ലോകകപ്പില്‍ ന്യൂോബോള്‍ എറിയുമോ എന്ന കാര്യങ്ങളെല്ലാം ടീം മാനേജ്മെന്‍റാണ് തീരുമാനിക്കേണ്ടതെന്നും റൗഫ് വ്യക്തമാക്കി. ഏഷ്യാ കപ്പില്‍ ടൂര്‍ണമെന്‍റിന്‍റെ താരമാകുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിറങ്ങിയ റൗഫിന് ഇന്ത്യയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങേണ്ടിവന്നത് കനത്ത തിരിച്ചടിയായിരുന്നു.
റൗഫിന് പുറമെ നസീം ഷാക്കും പരിക്കേറ്റതോടെ പാക് ബൗളിംഗ് ദുര്‍ബലമായി. പരിക്കേറ്റ നസീം ഷാക്ക് ലോകകപ്പില്‍ കളിക്കാനാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ടീം. ഇന്ത്യയിലെത്തുന്ന പാക്കിസ്ഥാന്‍ ടീം വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെതിരെ ലോകകപ്പ് സന്നാഹമത്സരം കളിക്കും.ഹൈദരാബാദിലാണ് മത്സരം. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ മത്സരം കാണാന്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.