കാണാതായ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന; പരിശോധനയിൽ കിട്ടിയത് 1000 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍

ഓസ്ലോ: കാണാതായ കമ്മല്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പൂന്തോട്ടത്തില്‍ തെരഞ്ഞ കുടുംബത്തെ കാത്തിരുന്നത് വന്‍ സര്‍പ്രൈസ്. നോര്‍വേയിലെ ജോംഫ്രുലാന്‍ഡിലെ ഒരു കുടുംബത്തിനാണ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള കമ്മല്‍ തെരച്ചിലില്‍ 1000 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ ലഭിച്ചത്. ഏറെ നോക്കിയിട്ടും കിട്ടാതെ വന്നതോടെയാണ് നഷ്ടമായ കമ്മലിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിക്കാന്‍ കുടുംബം തീരുമാനിക്കുന്നത്.

 

എന്നാല്‍ പൂന്തോട്ടത്തിന് മധ്യത്തിലുള്ള മരത്തിന് അടുത്തെത്തിയതോടെ മെറ്റല്‍ ഡിറ്റക്ടര്‍ സിഗ്നലുകള്‍ നല്‍കാന്‍ തുടങ്ങി. മരത്തിന് പരിസരത്ത് ഒന്നും കാണാതെ വന്നതോടെ ഇവര്‍ സ്ഥലം കുഴിച്ച് പരിശോധിക്കുകയായിരുന്നു. ചെറിയ മമ്മട്ടി ഉപയോഗിച്ച് കുഴിച്ച് നോക്കിയപ്പോഴാണ് വൈക്കിംഗ് കാലഘട്ടത്തിലെ സംസ്കാരത്തിന് ഉപയോഗിക്കുന്ന ആഭരണങ്ങള്‍ ലഭിച്ചത്. ആയിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ള ആഭരണങ്ങളെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. നോര്‍വേയിലെ തെക്കന്‍ മേഖലയിലാണ് ജോംഫ്രൂട്ട് ലാന്‍ഡ്. 9ാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ സംസ്കാരത്തിന് ഉപയോഗിച്ച വസ്തുക്കളാണ് കണ്ടെത്തിയിട്ടുളളതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.

 

ഈ മേഖലയില്‍ നൂറ് കണക്കിന് വര്‍ഷം പഴക്കമുള്ള ചില പാരമ്പര്യങ്ങള്‍ ഉള്ളതായി വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പുരാവസ്തു കണ്ടെത്തിയതിനെ പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ച കുടുംബത്തിന് അധികൃതര്‍ അഭിനന്ദിച്ചു. നിലവില്‍ വെസ്റ്റ്ഫോള്‍ഡ് ടെലിമാര്‍ക്ക് കൌണ്ടി കൌണ്‍സിലില്‍ സൂക്ഷിച്ചിരിക്കുകയാണ് ഈ പുരാവസ്തുക്കള്‍.

ഈ മാസം ആദ്യത്തില്‍ നോര്‍വീജിയന്‍ ദ്വീപായ റെനേസോയില്‍ 51കാരി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 9 പെന്‍ഡന്റുകളും മൂന്ന് വളകളും 10 സ്വര്‍ണ മുത്തുകളും കണ്ടെത്തിയിരുന്നു.