കാലുകള്‍ ഇങ്ങനെ വച്ച് ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ നിങ്ങള്‍? എങ്കിലറിയാം…
രോഗ്യപ്രശ്നങ്ങള്‍ വലിയ രീതിയില്‍ ഒഴിവാക്കുന്നതിന് നമ്മുടെ ശരീരത്തിന്‍റെ ‘പോസ്ചര്‍’ അഥവാ ഘടന കൃത്യമായി പാലിക്കുന്നത് സഹായിക്കുമെന്നത് ആരോഗ്യവിദഗ്ധരെല്ലാം തന്നെ ചൂണ്ടിക്കാട്ടാറുണ്ട്.
ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു ടിപ് പങ്കുവയ്ക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍.
നാം ഭക്ഷണം കഴിക്കുമ്ബോള്‍ ശ്രദ്ധിക്കാനുള്ളൊരു കാര്യമാണ് രുജുത ദിവേക്കര്‍ പങ്കുവച്ചിരിക്കുന്നത്. ദഹനം കൂട്ടാനും ഭക്ഷണങ്ങളില്‍ നിന്ന് പോഷകങ്ങള്‍ ശരിയാംവിധം ശരീരത്തിലെത്താനും അടക്കം പല ആരോഗ്യഗുണങ്ങളും ഈ ടിപ് പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് നേടാനാകും.
മറ്റൊന്നുമല്ല, ഭക്ഷണം കഴിക്കാനിരിക്കുന്ന ‘പോസ്ചറി’നെ കുറിച്ചാണ് രുജുത പങ്കുവച്ചിരിക്കുന്നത്. തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ ഗുണങ്ങളാണ് രുജുത വിശദീകരിക്കുന്നത്.
ഇന്ത്യയിലെ പരമ്ബരാഗതമായൊരു രീതിയായിരുന്നു തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുകയെന്നത്. ഇപ്പോഴും ഈ രീതി പിന്തുടരുന്നവരുണ്ട്. എന്നാല്‍ മിക്കവരും ഡൈനിംഗ് ടേബിളിലേക്ക് മാറിയതിനാല്‍ തന്നെ ഇങ്ങനെയിരുന്ന് കഴിക്കുന്നവര്‍ കുറഞ്ഞു. പലര്‍ക്കും ഇങ്ങനെ ഇരിക്കാൻ പോലും പ്രയാസമാണെന്നതാണ് സത്യം.
സുഖാസനം എന്ന പൊസിഷൻ ആണിത്. കാലുകള്‍ പരസ്പരം പിണച്ചുകൊണ്ടാണ് ഇരിക്കേണ്ടത്. ഒന്നാമതായി നമ്മുടെ നടു കൃത്യമായി നീണ്ട്, തോളുകള്‍ ചതുരാകൃതിയിലായി നല്ലൊരു പോസ്ചറില്‍ ശരീരമാകും സുഖാസനത്തില്‍. രണ്ടാമതായി ഈയൊരു പൊസിഷനില്‍ ഇരുന്ന് കഴിക്കുമ്ബോള്‍ ഭക്ഷണത്തിലേക്ക് കൂടുതല്‍ ഫോക്കസ് (ശ്രദ്ധ) വരികയും ഇത് കൂടുതലായി കഴിക്കുന്നതിനെ തടയുകയും ചെയ്യുമെന്നാണ് രുജുത ചൂണ്ടിക്കാട്ടുന്നത്.
ഇതിന് പുറമെയാണ് ഭക്ഷണം നല്ലതുപോലെ ദഹിക്കുന്നതിനും പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനുമെല്ലാം സഹായകമാകുന്നത്. ദിവസത്തില്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും സുഖാസനം പൊസിഷനില്‍ ഇരുന്നുകൊണ്ട് കഴിക്കാനാണ് രുജുത ആവശ്യപ്പെടുന്നത്. ഇത് തറയില്‍ തന്നെ ആകണമെന്നില്ല. മറിച്ച് തിട്ടയിലോ മരത്തിന്‍റെ പടിയിലോ എല്ലാം ഇങ്ങനെ ഇരിക്കാവുന്നതാണ്.