ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം; നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം

ഏകദിന ലോകകപ്പ് പൂരത്തിന് ഇന്ന് അഹമ്മദാബാദില്‍ കൊടിയേറും. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. 2019ലെ ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും തുല്യത പാലിച്ചിട്ടും ബൗണ്ടറി കണക്കില്‍ കിരീടം കൈവിടേണ്ടിവന്നതിന്‍റെ കണക്കു തീര്‍ക്കാനാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നതെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാരുടെ പെരുമ കാക്കാന്‍ ജയിച്ചു തുടങ്ങാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

2019ലെ ലോകകപ്പില്‍ കളിച്ച എട്ട് താരങ്ങള്‍ ഇപ്പോഴും ഇംഗ്ലണ്ട് ടീമിലുണ്ട്. അന്ന് ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സിനെ ഏകദിന വിരമിക്കല്‍ പിന്‍വലിപ്പിച്ച് ഇംഗ്ലണ്ട് ടീമിനൊപ്പം കൂട്ടി. എന്നാല്‍ ഇടുപ്പിനേറ്റ പരിക്ക് മൂലം ആദ്യ മത്സരത്തില്‍ സ്റ്റോക്സിന് കളിക്കാനാവുമോ എന്ന ആശങ്ക ഇഗ്ലണ്ടിനുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് സ്റ്റോക്സ് ഈ ലോകകപ്പില്‍ പന്തെറിയില്ലെന്നും സ്പെഷലിസ്റ്റ് ബാറ്ററായിട്ടാവും കളിക്കുകയെന്നും ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടുണ്ട്.