ഉത്തരാഖണ്ഡില്‍ ഇനി ‘ഹോം മിനി-ബാര്‍’ ലൈസൻസ് ലഭിക്കും

അഞ്ച് വര്‍ഷമായി ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് വീട്ടില്‍ മിനി ബാര്‍ സജ്ജമാക്കാനുള്ള ലൈസന്‍സ് അനുവദിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.

ചില നിബന്ധനകളോടെയാണ് വീട്ടില്‍ മിനി ബാര്‍ അനുവദിക്കുന്നത്. 12,000 രൂപയാണ് ഹോം മിനി ബാറിനുള്ള വാര്‍ഷിക ഫീസ്.

ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലാണ് ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് എക്സൈസ് വ്യക്തമാക്കി. ലൈസന്‍സ് ലഭിച്ച ശേഷം ഒന്‍പത് ലീറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം,18 ലീറ്റര്‍ വിദേശ മദ്യം, ഒന്‍പത് ലീറ്റര്‍ വൈന്‍, 15.6 ലീറ്റര്‍ ബീയര്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കാം. വീട്ടിലെ മിനി ബാര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കു.

വില്‍പ്പന നടത്തിയാല്‍ പിടിവീഴുമെന്ന് എക്സൈസ് മുന്നറിയിപ്പ് നല്‍കി. കൂടാതെ ഡ്രൈ ഡേകളില്‍ വീട്ടിലെ ബാറും അടച്ചിടണം. 21 വയസില്‍ താഴെ പ്രായമുള്ളവരെ ബാറിന്റെ പരിസരത്ത് പ്രവേശിപ്പിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍പറയുന്നുണ്ട്.

ലൈസന്‍സന്‍ ലഭിച്ചവര്‍ക്ക് വിശദമായ പരിശോധനയ്ക്ക് ശേഷമേ അടുത്ത വര്‍ഷത്തേക്ക് പുതുക്കി നല്‍കുകയുള്ളൂവെന്നും ഡെറാഡൂണ്‍ ജില്ലാ എക്സൈസ് ഓഫിസര്‍ രാജീവ് ചൗഹാന്‍ വ്യക്തമാക്കി.