ഇന്ത്യയിലെ ആദ്യത്തെ ‘ഗ്രീൻ എനര്‍ജി’ ആര്‍ക്കിയോളജിക്കല്‍ സൈറ്റായി മഹാബലിപുരം ഷോര്‍ ടെമ്ബിള്‍
യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ ക്ഷേത്രമാണ് തമിഴ്നാട്ട് മഹാബലിപുരത്ത് സ്ഥിതി ചെയ്യുന്ന ഷോര്‍ ടെമ്ബിള്‍.
ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഗ്രീൻ എനര്‍ജി ആര്‍ക്കിയോളജിക്കില്‍ സൈറ്റ് ആയി മാറിയിരിക്കുകയാണ് മഹാബലിപുരത്തെ ഷോര്‍ ടെമ്ബിള്‍. റെനോ നിസാൻ ടെക്നോളജി, ബിസിനസ് സെന്റര്‍ ഇന്ത്യ (റെനോ നിസാൻ ടെക്), ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയുള്ള ഗ്രീൻ ഹെറിറ്റേജ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെയാണ് ഇത് സാധ്യമായത്. പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിലെ ഓരോ ലൈറ്റും സോളാര്‍ പവറില്‍ ആയിരിക്കും ഇനിമുതല്‍ പ്രകാശിക്കുന്നത്.
സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിനായി ഷോര്‍ ടെമ്ബിളില്‍ മൂന്ന് സോളാര്‍ പ്ലാന്റുകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. പത്ത് കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റുകള്‍ മേഖലയിലെ സൗരോര്‍ജ്ജം പരമാവധി ഉപയോഗപ്പെടുത്തുന്ന വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. മിച്ചം വരുന്ന സൗരോര്‍ജ്ജം ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ഇത് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഒപ്പം ഭാവിയിലെ ഊര്‍ജ ആവശ്യത്തിന് സംഭാവന നല്‍കും.
കൂടാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തെ ശാക്തീകരിക്കുകയാണ് ഗ്രീൻ ഹെറിറ്റേജ് പദ്ധതി ലക്ഷ്യമിടുന്നത്. ക്ഷേത്രത്തില്‍ ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, വികലാംഗരായ വ്യക്തികള്‍ എന്നിവര്‍ക്കായി ഇലക്‌ട്രിക് ബഗ്ഗികള്‍ പ്രവര്‍ത്തിപ്പിക്കും. പ്രദേശത്തെ സാധാരണക്കാരായ സ്ത്രീകള്‍ ആയിരിക്കും ബഗ്ഗികള്‍ ഓപ്പറേറ്റ് ചെയ്യുക.
ഇന്ത്യയിലെ ആദ്യത്തെ ‘ഗ്രീൻ എനര്‍ജി ആര്‍ക്കിയോളജിക്കല്‍ സൈറ്റായി’ ഷോര്‍ ടെമ്ബിളിന്റെ പരിവര്‍ത്തനം അതിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം സംരക്ഷിക്കുക മാത്രമല്ല, സുസ്ഥിരമായ പൈതൃക സംരക്ഷണത്തിന്റെ ഉദാഹരണം കൂടിയാണ്.