ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയുടെ ഒമ്ബത് അംഗ ബെഞ്ച് വിഷയം ഉടൻ പരിഗണിക്കില്ല

ദില്ലി: ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്ബത് അംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒമ്ബതംഗ ബെഞ്ച് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി.

ഇതില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉള്‍പെട്ടിട്ടിട്ടില്ല. 9 അംഗ ബെഞ്ച് പരിഗണിക്കുന്ന മറ്റ്‌ നാല് കേസുകളാണ് പട്ടികയില്‍ ഉള്ളത്. 7 അംഗ ബെഞ്ച് പരിഗണിക്കുന്ന 6 കേസുകളും സുപ്രീംകോടതി 12 ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ശിവസേന കേസ് ഉള്‍പ്പെട്ടിട്ടുണ്ട്.

2018 സെപ്റ്റംബര്‍ 28-നായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചരിത്രവിധി. ശബരിമല ഹര്‍ജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങള്‍ ഇവയാണ്:

1. ഭരണഘടനയില്‍ മതസ്വാതന്ത്ര്യവും തുല്യതയും വിശദീകരിക്കുന്ന വകുപ്പുകള്‍ (25, 26 അനുച്ഛേദങ്ങളും, 14-ാം അനുച്ഛേദവും) തമ്മിലുള്ള ബന്ധമെന്ത്? അവയെ എങ്ങനെ ഒരുമിച്ച്‌ നിര്‍ത്താം?

2. ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന 25 (1) വകുപ്പിലെ ‘പൊതുക്രമം, ധാര്‍മികത, ആരോഗ്യം’ എന്ന് വിവക്ഷിക്കുന്നത് എന്ത്?

3. ധാര്‍മികത എന്നതോ ഭരണഘടനാപരമായ ധാര്‍മികത എന്നതോ കൃത്യമായി ഭരണഘടന നിര്‍വചിച്ചിട്ടില്ല. ഈ ധാര്‍മികതയെന്നത്, മൊത്തത്തിലുള്ളതാണോ, അതോ മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമോ?

4. ഒരു മതാചാരം, ആ മതത്തിന്‍റെയോ വിശ്വാസം പിന്തുടരുന്നവരുടെയോ അവിഭാജ്യഘടകമാണെന്നോ അതിനെ മാറ്റാനാകില്ലെന്നോ പറയാൻ കഴിയുമോ? അത് തീരുമാനിക്കാൻ കോടതിയ്ക്ക് കഴിയുമോ? അതോ ഒരു മതമേധാവി തീരുമാനിക്കേണ്ടതാണോ അത്?

5. ഭരണഘടനയിലെ 25 (2)(b) വകുപ്പ് പ്രകാരം ‘ഹിന്ദു’ എന്നതിന്‍റെ നിര്‍വചനം എന്ത്?

6. ഒരു വിഭാഗത്തിന്‍റെ/മതവിഭാഗത്തിന്‍റെ ‘ഒഴിച്ചുകൂടാത്ത ആചാര’മെന്നതിന് ഭരണഘടനയുടെ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന 26-ാം അനുച്ഛേദത്തിന്‍റെ സംരക്ഷണമുണ്ടാകുമോ?

7. ഒരു മതത്തിന്‍റെ ആചാരങ്ങളെ ആ മതത്തിലോ ആചാരത്തിലോ പെടാത്ത വ്യക്തിക്ക് പൊതുതാത്പര്യഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? അത് അനുവദനീയമാണോ?