വിനായകനും ആസിഫും ഒന്നിച്ച ‘കാസര്‍ഗോള്‍ഡ്’; ഇനി ഒടിടിയിലേക്ക്, എപ്പോള്‍, എവിടെ കാണാം ?

ബിടെക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിച്ച ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. ഗോള്‍ഡ് വേട്ടയുടെ കഥ പറഞ്ഞ ചിത്രം സെപ്റ്റംബര്‍ 15നായിരുന്നു തിയറ്ററുകളില്‍ എത്തിയത്.

ജയിലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനായനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് ഭേദപ്പെട്ട പ്രതികരങ്ങള്‍ നേടാൻ സാധിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുമാസം പിന്നിടാൻ ഒരുങ്ങുമ്ബോള്‍ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ് ‘കാസര്‍ഗോള്‍ഡ്’.

‘കാസര്‍ഗോള്‍ഡ്’ ഒക്ടോബര്‍ 13ന് ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിന് ആണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.

ആസിഫ് അലിക്ക് ഒപ്പം സണ്ണി വെയ്നും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നതും മൃദുല്‍ നായര്‍ ആണ്. മുഖരി എന്റര്‍ടൈൻമെന്‍സിന്‍റെ ബാനറില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍,സൂരജ് കുമാര്‍,റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. യൂഡ്‌ലി ഫിലിംസും നിര്‍മാണ പങ്കാളിയാണ്. പി പി കുഞ്ഞികൃഷ്ണൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ് , സമ്ബത്ത് റാം, ദീപക് പറമ്ബോള്‍, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.

അതേസമയം, 2018 എന്ന ചിത്രമാണ് ആസിഫിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മലയാളത്തിന്‍റെ യുവ താരങ്ങള്‍ അണിനിരന്ന ചിത്രം ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നാണ്. അടുത്തിടെ ഒസ്കറിലേക്കും ചിത്രം തെരഞ്ഞെെടുക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.