ഭക്ഷണം കഴിച്ചാലുടൻ ഗ്യാസും നെഞ്ചെരിച്ചിലുമുണ്ടോ ; ഇത് പരീക്ഷിക്കാം

ചിലപ്പോഴൊക്കെ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയര്‍ വീര്‍ത്തു വരാറില്ലേ? ചില ഭക്ഷണങ്ങള്‍ മൂലമുള്ള ദഹനപ്രശ്നങ്ങളാണ് ഇതിന് കാരണം.

കൂടാതെ ഗ്യാസ്ട്രബിള്‍,നെഞ്ചെരിച്ചില്‍ എന്നിവയും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കഴിച്ചയുടൻ വയര്‍ വീര്‍ത്തുവരാതിരിക്കാനുള്ള ഒരു പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡയറ്റീഷ്യനായ മൻപ്രീത് കല്‍റ.

ഭക്ഷണത്തിന് മുമ്പ് കഴിക്കാനുള്ള ഒരു വിഭവത്തെക്കുറിച്ചാണ് അവര്‍ പറയുന്നത്. ഇതുണ്ടാക്കിക്കഴിക്കുകയാണെങ്കില്‍ ഈ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാൻ കഴിയുമെന്നാണ് അവരുടെ നിര്‍ദ്ദേശം.ചുക്കുപൊടി, അയമോദകപ്പൊടി, ശര്‍ക്കര എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകള്‍. ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക് ദഹനത്തിന് വളരെ ഗുണകരമായ ഒന്നാണ്. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും വയറുവേദനയും ഗ്യാസും വയര്‍ വീര്‍ത്തിരിക്കുന്നതും തടയാനും ഇവ ഉപകരിക്കും.

അയമോദകപ്പൊടിയും ദഹനം സുഗമമാക്കാക്കുകയും വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ദഹനം മെച്ചപ്പെടുത്തി വയറു വീര്‍ക്കാനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. ശര്‍ക്കരയും ദഹനത്തെ പ്രോത്സാഹിപ്പിക്കാൻ ഗുണം ചെയ്യും. വയറു വീര്‍ക്കാതിരിക്കാൻ ഭക്ഷണത്തിനു മുമ്ബാണ് ഈ വിഭവം കഴിക്കേണ്ടത്.

പാചകരീതിയിലേയ്ക്ക്; അയമോദകപ്പൊടിയും ശര്‍ക്കരയും ഒരുമിച്ചു പൊടിച്ചെടുത്ത് പേസ്റ്റാക്കിയെടുക്കണം. ശേഷം ഈ പേസ്റ്റും ഉണങ്ങിയ ഇഞ്ചിപ്പൊടിയും മിക്സ് ചെയ്തെടുക്കുക. നന്നായി ഇളക്കിയ ശേഷം ഇവയെ ചെറിയ ഉരുളകളാക്കി മാറ്റണം. ഈ ഉരുള ഭക്ഷണത്തിന് മുമ്ബ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ വയര്‍ വീര്‍ത്ത് വരുന്നത് തടയുകയും ചെയ്യും.