അതിഥി ദേവോ ഭവ! അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി പ്രസിഡ‍ന്റിനെ സ്വീകരിച്ച്‌ നിതാ അംബാനിയും മുകേഷ് അംബാനിയും

അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി പ്രസിഡ‍ന്റ് തോമസ് ബാച്ചിനെ ഇന്ത്യൻ രീതിയില്‍ സ്വാഗതം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാൻ മുകേഷ് അംബാനിയും ഭാര്യയും ഐഒസി അംഗവുമായ നിതാ അംബാനിയും.

അംബാനിയുടെ വസതിയിലേക്ക് അതിഥിയായി എത്തിയ ബാച്ചിനെ ആരതി ഉഴിഞ്ഞും തിലകം ചാര്‍ത്തിയുമാണ് സ്വീകരിച്ചത്.

ഒക്ടോബര്‍ 15 മുതല്‍ 17 വരെയാണ് ഒളിമ്ബിക് കമ്മിറ്റിയുടെ (ഐഒസി) 141-ാമത് സെഷൻ മുംബൈയില്‍ നടക്കുന്നത്. ഇതിനു മുന്നോടിയായാണ് ഒളിമ്ബിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്‌ മുംബൈയില്‍ എത്തിയത്.

40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഒസി സെഷന്‍ ഇന്ത്യയില്‍ നടക്കുന്നത്. ഒളിമ്ബിക് ചാര്‍ട്ടര്‍ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐഒസി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിമ്ബിക്സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉള്‍പ്പെടെ ഒളിമ്ബിക്സ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഐഒസി സെഷനാണ് ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത്.

ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാണ് നിത അംബാനി. 2016 മുതല്‍ ഇന്ത്യയില്‍ ഐഒസി അംഗമാണ് നിത അംബാനി. 99 വോട്ടിംഗ് അംഗങ്ങളും 43 ഓണററി അംഗങ്ങളുമാണ് ഐഒസി സെഷനില്‍ ഉള്ളത്. കായിക ലോകത്തെ പ്രമുഖരായ 600-ലധികം അംഗങ്ങളും 50-ലധികം കായിക ഇനങ്ങളെ പ്രതിനിധീകരിക്കുന്ന 100-ഓളം രാജ്യങ്ങളില്‍ നിന്നുള്ള ആഗോള മാധ്യമങ്ങളും മുംബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെന്ററിലാണ് സെഷൻ നടക്കുക. നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലെ (എൻഎംഎസിസി) ഗ്രാൻഡ് തിയേറ്ററില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. എക്സിബിഷൻ ഹാള്‍ സെഷൻ മീറ്റിംഗിന് വേദിയാകും.