അഞ്ചാം തിങ്കളിലും ജവാന് കോടി കളക്ഷൻ, ഷാരൂഖ് ഖാന്റെ കുതിപ്പ് മുപ്പത്തിമൂന്നാം നാളിലും അവസാനിക്കുന്നില്ല

ബോക്സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്‍ടിച്ച ചിത്രമായിരിക്കുകയാണ് ജവാൻ. ഒരു മാസത്തിനിപ്പുറവും ഷാരൂഖ് ഖാൻ ചിത്രം കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ പുതുതായി എത്തിയ ബോളിവുഡ് ചിത്രങ്ങള്‍ വിജയിക്കാതോ പോയപ്പോഴും ഷാരൂഖ് ഖാന്റെ ജവാന് മികച്ച കളക്ഷൻ ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അഞ്ചാം തിങ്കളിലും ജവാൻ ഒരു കോടിയില്‍ അധികം നേടിയിരിക്കുന്നതാണ് അത്ഭുതപ്പെടുത്തുന്നത്.
ഇന്ത്യയില്‍ മാത്രം ജവാൻ 625.03 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഗോളവ്യാപകമായി ഷാരൂഖിന്റെ ജവാൻ 1117.39 കോടി രൂപ നേടി എന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ കളക്ഷനില്‍ ജവാനാണ് ഇപ്പോള്‍ ഒന്നാമതുള്ളത്. ബോളിവുഡ് പ്രതീക്ഷകള്‍ ജവാൻ ശരിവച്ചിരിക്കുന്നു.
വിദേശത്തും ഷാരൂഖ് ഖാന്റെ ജവാൻ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. മിഡില്‍ ഈസ്റ്റില്‍ 100 കോടി 33 ലക്ഷത്തിലധികം നേടിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ ഒരു ഇന്ത്യൻ സിനിമയുടെ റെക്കോര്‍ഡാണ് ജവാൻ നേടിയിരിക്കുന്നത് എന്നാണ് വ്യക്തമായിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ ഷാരൂഖ് ചിത്രം ജവാൻ ഇനിയും അത്ഭുതപ്പെടുത്തും എന്നാണ് ഇപ്പോഴും ലഭിക്കുന്ന പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.
തമിഴ് ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഹിന്ദി ചിത്രം വൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ നായികയായി നയൻതാരയും ചിത്രത്തില്‍ മികച്ച പ്രകടനം നടത്തി. ഇതാദ്യമായിട്ടാണ് നയൻതാര ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി വേഷമിടുന്നതും. ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായി രാഷ്‍ട്രീയ സന്ദേശം പകരുന്നതുമാണ് ജവാൻ. ജവാനില്‍ വിജയ് സേതുപതിയാണ് വില്ലനായി എത്തിയത്. സഞ്‍ജയ് ദത്ത് അതിഥി വേഷത്തിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാൻ, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ കഥാപാത്രങ്ങളായി.