രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാര്‍ത്ത്യായനി അമ്മക്ക് വിട; അന്ത്യം 101ാം വയസ്സില്‍

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു.

101 വയസായിരുന്നു. നാല്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98ശതമാനം മാര്‍ക്കുവാങ്ങിയാണ് കാര്‍ത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കാര്‍ത്യായനിയമ്മയെ സര്‍ക്കാര്‍ ആദരിച്ചിരുന്നു. 96ാമത്തെ വയസിലായിരുന്നു കാര്‍ത്യായനിയമ്മയുടെ ഒന്നാം റാങ്ക്.

2018 ല്‍ നാരീശക്തി പുരസ്കാരത്തിന് അര്‍ഹയായി. കാര്‍ത്ത്യായനി അമ്മ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വന്‍മാധ്യമശ്രദ്ധ നേടിയിരുന്നു. ഏഴാം ക്ലാസ് തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കവേ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു കാര്‍ത്ത്യായനി അമ്മ. നാരീശക്തി പുരസ്കാര ജേതാവായ കാര്‍ത്ത്യായനി അമ്മയുടെ ഫ്ലോട്ടും കഴിഞ്ഞ റിപ്പബ്ളിക് ദിന പരേഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. മക്കള്‍ അനുവദിച്ചാല്‍ തുടര്‍ന്ന് പഠിക്കണമെന്ന് കാര്‍ത്ത്യായനി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.