ബന്ദിയാക്കിയ സ്ത്രീയേയും രണ്ടു കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ്
ഗസ്സ സിറ്റി: ബന്ദിയാക്കിയ സ്ത്രീയേയും രണ്ടു കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ ഹമാസിന്‍റെ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടു.
ഒരു ഇസ്രായേലി കുടിയേറ്റക്കാരിയേയും അവളുടെ രണ്ട് മക്കളെയും ഏറ്റുമുട്ടലിനിടെ തടവിലാക്കിയ ശേഷം വിട്ടയച്ചു -എന്ന് ഖസ്സാം ബ്രിഗേഡ് പ്രസ്താവന പുറത്തിറക്കിയതായി എ.എഫ്.പി വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വീഡിയോയെ കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്ന ഗസ്സയില്‍ മരണം 1200 കടന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5600ഓളം പേര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും കുട്ടികളും സ്ത്രീകളും വയോധികരുമാണെന്ന് ഗസ്സ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂസുഫ് അബു അല്‍-റീഷ് പറഞ്ഞു. ഗസ്സയിലേക്ക് വെള്ളവും ഇന്ധനവും വൈദ്യുതിയും ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള സമ്ബൂര്‍ണ ഉപരോധമാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. ആശുപത്രികളുടെ നിലത്ത് ഉള്‍പ്പെടെ കിടത്തിയാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നത്. നവജാത ശിശുക്കളും ഡയാലിസിസ് രോഗികളും ഉള്‍പ്പെടെ കനത്ത പ്രതിസന്ധി നേരിടും.
ഹമാസിന്‍റെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 ആയി. കരയുദ്ധത്തിന് തയാറെടുക്കുന്ന ഇസ്രായേല്‍ ഗസ്സ അതിര്‍ത്തികളില്‍ മൂന്ന് ലക്ഷത്തോളം സൈനികരെ വിന്യസിച്ചു. ഗസ്സ തകര്‍ക്കാൻ നിരോധിത വൈറ്റ് ഫോസ്ഫറസ് ഉള്‍പ്പെടെ മാരകായുധങ്ങള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.