‘മാഷേ, ഇതാ എൻറെ മെഡല്‍’; മുഹമ്മദ് അഫ്സല്‍ ആദ്യമെത്തിയത് കായികാധ്യാപകൻ പി.ജി മനോജിനെ കാണാൻ
പറളി: എഷ്യൻ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് അഫ്സല്‍ വിമാനമിറങ്ങി ആദ്യമെത്തിയത് കായികാധ്യാപകൻ പി.ജി. മനോജിനെ കാണാൻ.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വിമാനമിറങ്ങി വീടെത്തിയ മുഹമ്മദ് അഫ്സല്‍ രാവിലെ എട്ടുമണിക്കുതന്നെ പറളി സ്കൂളിലെത്തി. പഴയ എട്ടാംക്ലാസുകാരനായി മനോജ് മാഷിന്റെ മുന്നിലെത്തി, കൈനീട്ടി കാണിച്ചുപറഞ്ഞു-‘മാഷേ ഇതാ എന്റെ മെഡല്‍’.
‘ഈ മെഡല്‍നേട്ടംവരെ എന്നെ എത്തിച്ചതില്‍ ഏറ്റവുമധികം കടപ്പാട് മനോജ് മാഷിനോടാണ്. സ്നേഹിച്ചും ശാസിച്ചും വഴികാട്ടുന്ന മനോജ് മാഷിൻറെ ശിഷ്യനാകാൻ കഴിഞ്ഞത് എൻറെ ഭാഗ്യമാണ്’-മാഷിന് മെഡല്‍ കാണിച്ചുകൊണ്ട് മുഹമ്മദ് അഫ്സല്‍ പറഞ്ഞു.
തനിക്കുകിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് മുഹമ്മദ് അഫ്സലിൻറെ ഈ നേട്ടമെന്നും സംസ്ഥാന കായികമേളയ്ക്കൊരുങ്ങുന്ന പറളിയിലെ കുട്ടികള്‍ക്ക് ഈ നേട്ടം ഒരു പ്രചോദനമാണെന്നും കായികാധ്യാപകനായ പി.ജി. മനോജ് പറഞ്ഞു.
എട്ടാംക്ലാസിലാണ് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ മുഹമ്മദ് അഫ്സല്‍ പറളി സ്കൂളിലെത്തിയത്. ഒമ്ബതാംക്ലാസുമുതല്‍ മുഹമ്മദ് അഫ്സല്‍ പറളിയുടെ മിന്നുംതാരമായി. പ്ലസ്ടു കഴിഞ്ഞതോടെ വ്യോമസേനയില്‍ ജോലിലഭിച്ചു. ഇന്ത്യൻ വ്യോമസേനയില്‍ ജൂനിയര്‍ വാറൻറ് ഓഫീസറാണ് ഇരുപത്തിയേഴുകാരനായ മുഹമ്മദ് അഫ്സല്‍ ഇപ്പോള്‍. തനിക്കുലഭിച്ച ഇന്ത്യൻ ജേഴ്സിയും ഗെയിംസ് സംഘാടകര്‍ നല്‍കിയ ഉപഹാരങ്ങളും മനോജ് മാഷിനു നല്‍കിയാണ് അഫ്സല്‍ വീട്ടിലേക്ക് മടങ്ങിയത്.