ജവാനും ജയിലറുമൊക്കെ പിന്നില്‍; യുകെയില്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് റിലീസിന് ലിയോയുടേതായിരിക്കും

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രമായ ലിയോയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വൻ ഹൈപ്പാണ് ലിയോയ്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കളക്ഷൻ റിക്കോര്‍ഡുകള്‍ തിരുത്തപ്പെടുമെന്ന് ഉറപ്പാണ്. യുകെയില്‍ നിന്നാണ് ലിയോയുടേതായി അത്തരത്തിലൊരു വാര്‍ത്ത എത്തിയിരിക്കുന്നത്.

യുകെയില്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് റിലീസിന് ലിയോയുടേതായിരിക്കും. വിജയ്‍ നായകനാകുന്ന ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് യുകെയില്‍ റെക്കോര്‍ഡുകള്‍ തിരുത്തിയപ്പോള്‍ പിന്നിലായിരിക്കുന്നത് ഷാരൂഖ് ഖാന്റെ ജവാനും പഠാനും രജനികാന്തിന്റെ ജയിലറുമൊക്കെയാണ്. ആറാഴ്‍ച മുന്നേ യുകെയില്‍ ആഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. യുകെയില്‍ ലിയോ റെക്കോര്‍ഡ് തിരുത്തിയത് ചിത്രത്തിന്റ വിതരണക്കാരായ അഹിംസ് എന്റര്‍ടെയ്‍ൻമെന്റാണ് വിജയ്‍യുടെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ബുക്കിംഗില്‍ വെറും 12 മണിക്കൂറിനുള്ളിലെ ടിക്കറ്റ് വില്‍പനയുടെ റിപ്പോര്‍ട്ട് മലേഷ്യയില്‍ നിന്നും അടുത്തിടെ ട്രേഡ് അനലിസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. മലേഷ്യയില്‍ വിജയ്‍യുടെ ലിയോയുടെ 25000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മലേഷ്യയില്‍ റിലീസിന് മുന്നേ ഒരു കോടിക്കടുത്ത് നേടിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗള്‍ഫിലും വിജയ്‍യുടെ ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ വിജയ്‍യുടെ ലിയോയുടേതായി 25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആകെ ഗ്രോസ് നേടിയിരിക്കുന്നത് 2.96 കോടിയാണ് എന്നും സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറാഴ്‍ച മുന്നേ യുകെയില്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നത് റെക്കോര്‍ഡ് സൃഷ്‍ടിക്കുകയും വലിയ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. രജനികാന്തിന്റെ ജയിലറിന്റെ റെക്കോര്‍ഡുകള്‍ വിജയ് ചിത്രം തിരുത്തുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 14നാണ് തമിഴ്‍നാട്ടില്‍ ബുക്കിംഗ് തുടങ്ങുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇനിയിപ്പോള്‍ എല്ലാ കണ്ണുകളും റിലീസ് കളക്ഷൻ എത്രയായിരിക്കും എന്നതിലേക്കാണ്.