നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കൻഡറിയില്‍ സയൻസ് പാര്‍ക്ക് ഒരുങ്ങുന്നു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധവും ശാസ്ത്രാഭിരുചിയും വളര്‍ത്തുന്നതിനായി സയൻസ് പാര്‍ക്ക് ഒരുങ്ങുന്നു.
നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സയൻസ് പാര്‍ക്ക് അനുവദിച്ചത്. എട്ടുലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്താണ് ഫണ്ട് നല്‍കുന്നത്. ചരിവുതലം ലഘുയന്ത്രം, ന്യൂട്ടൻസ് ക്രഡില്‍ ആക്ക സംരക്ഷണ നിയമം, ട്യൂണിങ് ഫോര്‍ക് ആവൃത്തി, കാറ്റാടിയന്ത്രം, റോക്കറ്റ് മോഡല്‍, ഇൻഫിനിറ്റ് ട്രെയിൻ തുടങ്ങിയ മാതൃകകളും പ്രവര്‍ത്തനങ്ങളും സയൻസ് പാര്‍ക്കില്‍ സജ്ജീകരിക്കും. മുൻ ഹെഡ് മാസ്റ്റര്‍ പി. മോഹനൻ മാസ്റ്ററുടെ നേതൃത്വത്തില്‍ ശാസ്ത്രാധ്യാപകരാണ് പ്രോജക്‌ട് തയാറാക്കി സമര്‍പ്പിച്ചത്. ഈ അധ്യയനവര്‍ഷംതന്നെ പദ്ധതിനിര്‍വഹണം പൂര്‍ത്തിയാകും.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വാതില്‍പ്പുറ പ്രവര്‍ത്തനങ്ങള്‍ അനുഭവങ്ങളിലൂടെ ശാസ്ത്രപഠനം സാധ്യമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, വൈസ് പ്രസിഡന്റ് ടി.എം. ശശി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ വനജ, ബ്ലോക്ക് മെംബര്‍ എം.കെ. ജലീല്‍, ഗ്രാമപഞ്ചായത്ത് മെംബര്‍ സജീവൻ മക്കാട്ട്, പി.ടി.എ പ്രസിഡന്റ് കെ.പി. സത്യൻ, പ്രിൻസിപ്പല്‍ ശ്യാമിനി ടീച്ചര്‍, ഹെഡ് മാസ്റ്റര്‍ കെ. മുനാസ്, ഷീജ ടീച്ചര്‍, പി.സി. നിര്‍മല എന്നിവര്‍ നിര്‍ദിഷ്ട പദ്ധതിപ്രദേശം സന്ദര്‍ശിച്ചു.