തുരുതുരാ ബോംബുകൾ വീണ് പൊട്ടുന്ന ഗാസയിൽ ഒരു കുഞ്ഞു പിറന്നു; അച്ഛൻ യുദ്ധമുഖത്ത് നിന്ന് ഓടി എത്തി അവനെ കണ്ടു.

ഗാസ: എല്ലാ ദുരന്തങ്ങളെയും വിദ്വേഷത്തെയും പകയെയും അതിജീവിച്ച് ഭൂമിയിൽ ശാന്തി പുലരും എന്ന പ്രതീക്ഷയാണ് കുഞ്ഞുങ്ങളും പൂക്കളും. തുരുതുരാ ബോംബുകൾ വീണ് പൊട്ടുന്ന ഗാസയിൽ ഒരു കുഞ്ഞു പിറന്നു. റോയിട്ടേഴ്‌സ് മാധ്യമ പ്രവർത്തകനായ അച്ഛൻ യുദ്ധമുഖത്ത് നിന്ന് ഓടി എത്തി അവനെ കണ്ടു.

പിറവികളിൽ ആനന്ദിക്കാൻ കഴിയാതെ മരവിച്ച ഗാസയുടെ മണ്ണിലേക്ക് ഒന്നുമറിയാതെയാണ് അബ്ദുള്ള പിറന്നുവീണത്. ഗാസയിലെ അൽ സഹാബാ ആശുപത്രിയിലെ മെറ്റേണിറ്റി വാർഡിൽ എത്തി അച്ഛൻ സലേം കുഞ്ഞിനെ കണ്ടു. ഗാസയ്ക്ക് മുകളിൽ അപ്പോഴും ബോംബുകൾ വർഷിക്കുകയായിരുന്നു ഇസ്രയേൽ. നൂറ് കണക്കിന് കുട്ടികളാണ് ഗാസയിൽ യുദ്ധക്കെടുതിയിൽ കുടുങ്ങിക്കിടക്കുന്നത്.

വൈകാതെ യുദ്ധമുഖത്തേക്ക് തന്നെ മുഹമ്മദ് സലേമിന് തിരികെ പോകണം. സ്ഥിതി വഷളായാൽ ഭാര്യയും കുഞ്ഞുങ്ങളുമായി ചിലപ്പോൾ നാട് വിടേണ്ടിയും വന്നേക്കാമെന്നും എങ്കിലും എല്ലാ സങ്കടങ്ങളിലെയും പ്രതീക്ഷയല്ലേ ഇതെന്നും സലേം ചോദിക്കുന്നു.