ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് അറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി; കാരണം സര്‍ക്കാരിന്റെ പുതിയ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് അറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി.കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ഇത് പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കൊണ്ട് എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ അസോസിയേഷനുകള്‍ ഇത്തരം പരിപാടികള്‍ മാറ്റിവെക്കണമെന്ന് ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചത്. സംഗീതം, നൃത്തം തുടങ്ങിയ ഏതെങ്കിലും ഉള്‍പ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നത് വരെ നടത്തേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ഇത്തരം പരിപാടികള്‍ അനുയോജ്യമായ തീയതിയിലേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് എംബസി വ്യക്തമാക്കി.
പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നേരത്തെ കുവൈത്ത് ടവറുകളില്‍ പലസ്തീൻ പതാകകള്‍ ഉയര്‍ന്നിരുന്നു. ഗാസയിലും പലസ്തീൻ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് കുവൈത്ത് ടവറുകളില്‍ പലസ്തീൻ പതാകകള്‍ ഉയര്‍ന്നത്. പലസ്തീൻ ജനതയുടെ അവകാശങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് കുവൈത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. അറബ്, അന്താരാഷ്ട്ര വേദികളില്‍ ഈ വിഷയം ഉയര്‍ത്തിപ്പിടിക്കുമെന്നും കുവൈത്ത് വ്യക്തമാക്കി.
പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും പലസ്തീന്‍ ജനതയെ സംരക്ഷിക്കാനും കുവൈത്ത് ആഹ്വാനം ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍, അന്താരാഷ്ട്ര സമൂഹം എന്നിവയോട് ആഹ്വാനം ചെയ്യുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അക്രമം തടയാതെ തുടരുന്നത് സമാധാനം സ്ഥാപിക്കാനുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളെ അപകടത്തിലാക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തില്‍ പലസ്തീന്‍ ജനതയുടെ പക്ഷത്ത് നിലകൊള്ളുന്ന കുവൈത്ത് ഭരണകൂടത്തിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.