ഗസ്സക്ക് 10 ലക്ഷം റിയാല്‍ സഹായവുമായി ‘മക്ഡൊണാള്‍ഡ്സ് ഖത്തര്‍’

ദോഹ: ഇസ്രായേല്‍ സൈന്യത്തിന് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മക്ഡൊണാള്‍ഡിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെ ഗസ്സക്ക് പിന്തുണയുമായി ‘മക്ഡൊണാള്‍ഡ്സ് ഖത്തര്‍’.

ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ‘മക്ഡൊണാള്‍ഡ്’ പൂര്‍ണമായും പ്രാദേശിക ഉടമസ്ഥതയിലുള്ളതാണെന്നും യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യപ്പെടുന്നതായും കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഗസ്സയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ ചാരിറ്റിയുടെ ‘ഫലസ്തീനു വേണ്ടി’ കാമ്ബയിനില്‍ പങ്കുചേര്‍ന്ന് 10 ലക്ഷം റിയാല്‍ സംഭാവന നല്‍കുന്നതായും പ്രഖ്യാപിച്ചു. ഗസ്സയിലെ ജനങ്ങളുടെ ഭക്ഷണം, വെള്ളം, പാര്‍പ്പിടം, വൈദ്യ സഹായം ഉള്‍പ്പെടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള തുകയിലേക്കാണ് പത്തു ലക്ഷം റിയാല്‍ സംഭാവനയായി നല്‍കുന്നത്.

ഖത്തറിലെ അല്‍ മന റസ്റ്റാറന്‍റ് ആൻഡ് ഫുഡ് കമ്ബനിയുടെ പൂര്‍ണ ഉടമസ്ഥതയിലാണ് ‘മക്ഡൊണാള്‍ഡ്’ ഖത്തര്‍ പ്രവര്‍ത്തിക്കുന്നതെന്നും, മറ്റുരാജ്യങ്ങളിലെ മക്‌ഡൊണാള്‍ഡ് ഏജന്റ് പുറപ്പെടുവിക്കുന്ന തീരുമാനങ്ങളുമായോ മറ്റോ തങ്ങള്‍ക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി.