സ്വയം രചിച്ച മറ്റൊരു ഗര്‍ബ ഗാനംകൂടി പങ്കുവെച്ച്‌ മോദി; വീഡിയോയുടെ പശ്ചാത്തലത്തില്‍ പട്ടേല്‍ പ്രതിമ

ന്യൂഡല്‍ഹി: നവരാത്രിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രചന നിര്‍വഹിച്ച പുതിയ ഗാനം പുറത്തിറക്കി. ‘മാദി’ എന്ന പുതിയ ഗര്‍ബ ഗാനം ദിവ്യ കുമാറാണ് ആലപിച്ചത്.

മീറ്റ് ബ്രോസിന്റേതാണ് സംഗീതം. പാട്ട് യൂട്യൂബിലും ട്വിറ്ററിലും മോദി പങ്കുവെച്ചു.

ശുഭകരമായ നവരാത്രി നമുക്കു മുന്നില്‍ വരുമ്ബോള്‍, കഴിഞ്ഞ ആഴ്ചയില്‍ സ്വന്തമായെഴുതിയ ഒരു ഗര്‍ബ പാട്ട് പങ്കുവയ്ക്കുന്നതില്‍ സന്തോഷിക്കുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു. വരികള്‍ക്ക് ശബ്ദവും സംഗീതവും നല്‍കിയവര്‍ക്ക് നന്ദിയുമറിയിച്ചു.

നാല് മിനിറ്റ് 40 സെക്കൻഡ് ദൈര്‍ഘ്യമുള്ള ഗാനം, ഗുജറാത്തി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. വഡോദരയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയും ഗാനദൃശ്യങ്ങളില്‍ പശ്ചാത്തലമായി വരുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കുമുൻപ് മോദി രചിച്ച ഗാനം ജസ്റ്റ് മ്യൂസിക് യൂട്യൂബ് ചാനലില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ധ്വനി ബാനുഷാലി ആലാപനവും തനിഷ് ബാഗ്ചി സംവിധാനവും നിര്‍വഹിച്ച ഗര്‍ബ ഗാനമാണിത്. ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപമാണ് ഗര്‍ബ.