ഫലസ്തീനികള്‍ക്ക് കുടുംബവിസ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഫലസ്തീനികള്‍ക്ക് കുവൈത്ത് കുടുംബവിസ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.ഫലസ്തീൻ അധ്യാപകര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഫാമിലി വിസ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായാണ് സൂചന. നിലവില്‍ കുവൈത്ത് ഒരു രാജ്യക്കാര്‍ക്കും കുടുംബവിസ അനുവദിക്കുന്നില്ല. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മാനുഷിക പരിഗണന കണക്കിലെടുത്താണ് ഫലസ്തീനികളെ പരിഗണിക്കുന്നത്. പുരുഷ-സ്ത്രീ അധ്യാപകരുടെ മക്കള്‍ക്കു മാത്രമേ വിസ ലഭ്യമാകൂ എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു

ഒക്‌ടോബര്‍ 11ന് ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കുവൈത്തില്‍ താമസിക്കുന്ന ഫലസ്തീനിയൻ അധ്യാപിക അരീജ് ഖാനന് കുടുംബത്തിലെ 11 അംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തിനു പിറകെ അരീജ് ഖാനനെ ഫോണില്‍ വിളിച്ച്‌ കുവൈത്ത് വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദല്‍ അല്‍ മാനെ ആശ്വസിപ്പിച്ചിരുന്നു. കുവൈത്തില്‍ ജോലിചെയ്യുന്ന ഗസ്സയിലെയും അധിനിവേശ പ്രദേശങ്ങളിലെയും എല്ലാ അധ്യാപകരെയും രാജ്യം പിന്തുണക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ഉണ്ടായി. ഗസ്സയില്‍നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ള നൂറുകണക്കിന് ഫലസ്തീൻ അധ്യാപകര്‍ കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ട്.