പെട്രോള്‍ സ്റ്റേഷനുകളില്‍ ശൗചാലയം വൃത്തിയുള്ളതല്ലെന്ന് കണ്ടാല്‍ 2,500 റിയാല്‍ പിഴ

ജിദ്ദ: ശൗചാലയം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം കുറഞ്ഞത് 2,500 റിയാല്‍ പിഴ ഈടാക്കിത്തുടങ്ങി.

വിവിധ നിയമലംഘനങ്ങള്‍ക്ക് മന്ത്രാലയം 25,000 റിയാല്‍ വരെ പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ ലംഘനങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും മന്ത്രാലയം പിഴ ഈടാക്കുക. പ്രത്യേകിച്ചും ചില നിയന്ത്രണ മാനദണ്ഡങ്ങളുള്ള ഗ്യാസ് സ്റ്റേഷനുകളുടെ കാര്യത്തില്‍.

മുനിസിപ്പല്‍ നിയമം അനുസരിച്ച്‌ പെട്രോള്‍ സ്റ്റേഷൻ പരിസരത്ത് പള്ളി ഇല്ലെങ്കില്‍ 5,000 റിയാല്‍ പിഴ ഈടാക്കും. നിലവില്‍ പള്ളി ഇല്ലെങ്കില്‍ പള്ളി നിര്‍മ്മിച്ച്‌ പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് ഈ ലംഘനം പരിഹരിക്കാൻ സാധിക്കും. കോഫി ഷോപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കിലും 5,000 റിയാല്‍ വരെ പിഴ ചുമത്തും. പെട്രോള്‍ സ്റ്റേഷനുകളില്‍ ടയര്‍ കടകള്‍ ഇല്ലെങ്കില്‍ 1,000 മുതല്‍ 5,000 റിയാല്‍ വരെയാണ് പിഴഈടാക്കുക.

ശൗചാലയത്തില്‍ വെള്ളം ചോര്‍ച്ചയോ, വൃത്തിക്കുറവോ കണ്ടെത്തിയാല്‍ 2,500 റിയാല്‍ വരെ പിഴ ഈടാക്കും. പെട്രോള്‍ സ്റ്റേഷനുകളില്‍ മാലിന്യങ്ങള്‍ നിര്‍ക്ഷേപിക്കുവാനുള്ള പാത്രങ്ങളില്ലാതിരിക്കയൊ നിലം വൃത്തിഹീനമോ ആയാലും 2,500 റിയാല്‍ വരെ പിഴ ഈടാക്കും.

എല്ലാ പെട്രോള്‍ സ്റ്റേഷനുകളിലും നിലവാരമുള്ള സേവനവും ശുചിത്വവും ഉറപ്പാക്കുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ടതും ശുചിത്വവുമുള്ള സേവനങ്ങള്‍ നല്‍കുന്നതിനും, പിഴകള്‍ ഒഴിവാക്കുന്നതിനും സ്ഥാപനങ്ങള്‍ ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാൻ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.