ബംഗളൂരുവില്‍ വൻ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലി

ബംഗളൂരു: ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഫലസ്തീന് പിന്തുണയുമായി ബംഗളൂരുവില്‍ കൂറ്റൻ ഐക്യദാര്‍ഢ്യ റാലി. ഏറെയും യുവാക്കളാണ് എം.ജി റോഡിലും പരിസരത്തും നടന്ന പരിപാടിയില്‍ പങ്കെടുത്തത്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മെട്രോ സ്റ്റേഷനടുത്തുനിന്ന് പരിപാടി തുടങ്ങിയത്.

ബഹുത്വ കര്‍ണാടക, ആള്‍ ഇന്ത്യ സെൻട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂനിയൻസ് (എ.ഐ.സി.സി.ടി.യു) പ്രവര്‍ത്തകരും നേതാക്കളുമാണ് ആദ്യം എത്തിയത്. ഇവരില്‍ ചിലരെ പൊലീസ് മുൻകരുതല്‍ നടപടികളുടെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതേസമയം, ബ്രിഗേഡ് റോഡില്‍ നൂറുകണക്കിന് യുവാക്കള്‍ ഫലസ്തീൻ ഐക്യദാര്‍ഢ്യ പ്ലക്കാഡുകളുമേന്തി തടിച്ചുകൂടിയിരുന്നു.

സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു. നൂറുകണക്കിനാളുകള്‍ റോഡിലൂടെ റാലിയായി നീങ്ങി. ചിലര്‍ ഫലസ്തീൻ പതാകകളും കൈയിലേന്തി. ചിലര്‍ പതാകയുടെ സ്റ്റിക്കറുകള്‍ മുഖത്തും നെറ്റിയിലും പതിച്ചിരുന്നു. 75 വര്‍ഷമായി മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും അടിച്ചമര്‍ത്തുന്നതിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നുവെന്ന് ഒരാള്‍ പറഞ്ഞു.

മുഖ്യധാരാ മാധ്യങ്ങള്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്കെതിരെയും ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ നാടിനെ അറിയിക്കാനുമാണ് പ്രതിഷേധമെന്നും മറ്റൊരാള്‍ പറഞ്ഞു. ഇരുഭാഗത്തും നിരപരാധികളായ ജനങ്ങളാണ് കൊല്ലപ്പെടുന്നതെന്നും അക്രമം ഉടൻ അവസാനിപ്പിക്കണമെന്നും പ്രകടനത്തില്‍ പങ്കെടുത്ത യുവതി പറഞ്ഞു.

‘വംശഹത്യ നിര്‍ത്തുക’, ‘ഗസ്സ- ഞങ്ങള്‍ നിങ്ങളോടൊപ്പം’ തുടങ്ങിയ വാചകങ്ങള്‍ അടങ്ങിയ പ്ലക്കാഡുകളും വിദ്യാര്‍ഥികളടങ്ങിയ പ്രതിഷേധക്കാരുടെ കൈയിലുണ്ടായിരുന്നു. അതേസമയം, പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആറുപേരെ അശോക് നഗര്‍ പൊലീസും 11 പേരെ കബ്ബണ്‍ പാര്‍ക്ക് പൊലീസും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

അതേസമയം, കബ്ബണ്‍ പാര്‍ക്കില്‍ പ്രതിഷേധ പരിപാടി നടത്താൻ പൊലീസിനോട് അനുമതി ചോദിച്ചുവെങ്കിലും ഫലസ്തീൻ അനുകൂലമായതിനാല്‍ സാധിക്കില്ലെന്നായിരുന്നു പൊലീസ് പറഞ്ഞതെന്ന് സമരക്കാര്‍ പറഞ്ഞു. 25 പേര്‍ പങ്കെടുക്കുന്ന പരിപാടി നഗരത്തില്‍ നടത്താൻ അനുമതി ചോദിച്ചുവെങ്കിലും ഇതേ കാരണം പറഞ്ഞ് നിഷേധിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.