അനധികൃത ടാക്സികള്‍ക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം

ദോഹ: അനധികൃത ടാക്സി സര്‍വിസുകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം. രാജ്യത്ത് ആറ് ട്രാൻസ്‌പോര്‍ട്ട് കമ്ബനികള്‍ക്കു മാത്രമാണ് റൈഡ്-ഹെയ്‌ലിങ് സര്‍വിസുകളായി പ്രവര്‍ത്തിക്കാനുള്ള ലൈസൻസുള്ളതെന്നും മറ്റുള്ളവ നിയമവിരുദ്ധമാണെന്നും ഗതാഗത മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘എക്സി’ലെ പോസ്റ്റിലൂടെ അറിയിച്ചു.
അംഗീകാരമില്ലാത്ത എല്ലാതരം ടാക്സി സര്‍വിസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഉബര്‍, കര്‍വ ടെക്നോളജീസ്, ക്യു ഡ്രൈവ്, ബദര്‍, ആബര്‍, സൂം റൈഡ് എന്നിവയാണ് ഇലക്‌ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി യാത്രാസേവനങ്ങള്‍ക്ക് ലൈസൻസുള്ള സ്ഥാപനങ്ങള്‍.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും അനധികൃത ടാക്സികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.