സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരമില്ല; ഹർജികൾ സുപ്രീംകോടതി തള്ളി

മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വര്‍ഗ്ഗ വിവാഹങ്ങളും വിവാഹങ്ങളായി അംഗീകരിക്കണമെന്ന ഹര്‍ജി തള്ളി. ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഇന്ന് സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരുന്നതെങ്കിലും സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾക്ക് ഇന്ത്യയിൽ നിയമസാധുത നേടുന്നതില്‍ ഹര്‍ജിക്കാര്‍ പരാജയപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്ന് വിധി പറഞ്ഞെങ്കിലും ബെഞ്ചിലെ മറ്റു മൂന്ന് ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ഹര്‍ജി തള്ളിയത്. പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശമുണ്ടങ്കിലും അതിന് നിയമസാധുത നൽകാനാവില്ലെന്ന് ഇതോടെ സുപ്രിം കോടതി വിധിച്ചു. സ്വവർഗ വിവാഹങ്ങൾ അംഗീകരിച്ചു കൊണ്ട് പ്രത്യേക വിവാഹ നിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്നും ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

2020 ലാണ് മൂന്ന് വര്‍ഷം നീണ്ട സ്വര്‍ഗ്ഗ വിവാഹങ്ങളും വിവാഹങ്ങളായി അംഗീകരിക്കണമെന്ന നിയമ പോരാട്ടത്തിന് ഇന്ത്യയില്‍ തുടക്കം കുറിക്കുന്നത്. ഈ നിയമ പോരാട്ടത്തിന്‍റെ നാള്‍വഴികളിലൂടെ.
2020 ജനുവരി 27 ന് നികേഷ് പിപി, സോനു എംഎസ് എന്നീ സ്വവർഗ അനുരാഗികളായ ദമ്പതികൾ തങ്ങളുടെ വിവാഹത്തിന് നിയമസാധുത അനുവദിച്ചു കിട്ടാൻ വേണ്ടി കേരള ഹൈക്കോടതിയെ സമീപിക്കുന്നതോടെയാണ് ഈ നിയമ പോരാട്ടം ആരംഭിക്കുന്നത്. ഇതേ സമയം സമാന ആവശ്യമുന്നയിച്ച് രാജ്യത്തെ മറ്റ് ഹൈക്കോടതികളിലും ഹര്‍ജികളെത്തി. 2020 ജനുവരിക്കും 2021 നവംബറിനും ഇടയിൽ ദില്ലി ഹൈക്കോടതിയിൽ ഇതേ ആവശ്യം ഉന്നയിച്ച് 8 ഹർജികളാണ് ഫയൽ ചെയ്തത്. 2022 നവംബർ 14 ന് സുപ്രിയ ചക്രബർത്തി, അഭയ് ഡാങ് എന്നീ സ്വവർഗ ദമ്പതികൾ അവരുടെ വിവാഹത്തിന് നിയമ സാധുത നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. 2022 നവംബർ 25 ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച്, ഈ കേസും പാർത്ഥ ഫിറോസ് മെഹ്‌റോത്ര – ഉദയ് രാജ് ആനന്ദ് എന്നിവരുടെ കേസും ആദ്യ കേസിനൊപ്പം പരിഗണിക്കാൻ ഉത്തരവിട്ടു. പിന്നാലെ മറ്റ് ഒമ്പത് കേസുകള്‍ കൂടി ആദ്യ കേസുകള്‍ക്കൊപ്പം പരിഗണിക്കാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെബി പാർഡിവാല എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ഒടുവില്‍ 2023 ജനുവരി 6 ന് സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിക്കൊണ്ട് ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിൽ നിലവിലുള്ള എല്ലാ കേസുകളും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാല്‍, 2023 മാർച്ച് 12 ന് സ്വവർഗ വിവാഹത്തെ എതിർത്ത് കൊണ്ട് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ‘ഭാരതീയ കുടുംബ സങ്കൽപം’ എന്നത് ജൈവ ശാസ്‌ത്രപരമായി പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധമാണെന്നതായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച വാദം. പിന്നാലെ മൗലീകാവകാശ ലംഘനം അടക്കമുള്ള വാദങ്ങള്‍ ഉയര്‍ന്നതോടെ സുപ്രീം കോടതി, കോസ് ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റി.

2023 മാർച്ച് 15 ന് സുപ്രീം കോടതി സമാനമായ 20 കേസുകൾ കൂടി ഒത്തിച്ചാക്കി. പിന്നാലെ 2023 ഏപ്രിൽ 1 ന് സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ട് ജമായത്ത് ഉൽ ഉലമ എ ഹിന്ദ് സുപ്രീം കോടതിയിലെത്തി. ഇസ്ലാം സ്വവർഗ വിവാഹത്തെ എതിർക്കുന്നുവെന്ന് അവർ കോടതിയെ ബോധിപ്പിച്ചു. പിന്നാലെ ഹിന്ദു സന്യാസി കൂട്ടായ്മയും സമാനവാദവുമായി സുപ്രീം കോടതിയെ സമീപിച്ചു. 2023 ഏപ്രിൽ 15 ന് സുപ്രീം കോടതിയുടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവർ അടങ്ങിയ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിച്ചു. ഏപ്രില്‍ 17 ന് സ്വര്‍ഗ വിവാഹത്തെ എതിര്‍ത്ത് കൊണ്ട് ദേശീയ ബാലാവകാശ കമ്മീഷനും സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടെ ഹര്‍ജികളുടെ സാധുത ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഒടുവില്‍ നീണ്ട പത്ത് ദിവസത്തെ വാദം കേട്ട ശേഷം ഭരണഘടനാ ബെഞ്ച് 2023 മെയ് 11 ന് കേസ് വിധി പറയാൻ വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു.

ഒടുവില്‍ ഹര്‍ജിക്കാരെയും ലോകമാകമാനമുള്ള സ്വര്‍ഗാനുരാകികളെയും നിരാശരാക്കിക്കൊണ്ട് 2023 സെപ്റ്റംബർ 17 ന് Supriyo and anr v. Union of India കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ നിർണായകമായ അന്തിമ വിധി പുറത്ത് വന്നു. വിവാഹത്തിന് നിയമസാധുത നല്‍കാന്‍ കഴിയില്ലെങ്കിലും പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം വിധി ഉറപ്പാക്കുന്നു. അതേ സമയം പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നാണ് ഭൂരിപക്ഷ വിധി. ഒപ്പം സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല. അതേസമയം, സ്വവർഗ്ഗ പങ്കാളികൾക്ക് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും ഭീഷണിയില്ലാതെ ഒന്നിച്ച് ജീവിക്കാൻ കഴിയണമെന്നും കോടതി വിധിയില്‍ പറയുന്നു.