ഇത് എന്‍റെ അവസാന കുറിപ്പാകാം
‘ഈ കുറിമാനം വായിക്കുന്ന എല്ലാവരും ഒന്നോര്‍ക്കുക: ലോകത്തെ വൻശക്തിരാഷ്ട്രങ്ങളെല്ലാം ഗസ്സയിലെ സിവിലിയന്മാരെ കൊന്നുകൊണ്ടിരിക്കുകയാണ്.
മനുഷ്യാവകാശത്തെയും മാനവികതയെയും കുറിച്ച് അവര്‍ പറയുന്നത് വിശ്വസിക്കരുത്. അവര്‍ക്ക് തരിമ്ബും മനുഷ്യത്വമില്ല. കഴിഞ്ഞ 17 വര്‍ഷമായി ഞങ്ങള്‍ അവരോട് കേണുപറയുന്നു, ഈ ഉപരോധമൊന്ന് നീക്കിത്തരാൻ. അവര്‍ അത് ശ്രദ്ധിച്ചതേയില്ല. എന്നിട്ടിപ്പോള്‍ അവര്‍ ഞങ്ങളെ കൊല്ലാൻ തിരക്കുകൂട്ടുകയാണ്’
ജോലിക്കായി ഫീല്‍ഡില്‍ പോകുമ്ബോഴെല്ലാം സ്വന്തം കുഴിമാടത്തിലേക്കുള്ള നേര്‍ക്കുനേര്‍ വഴിയിലാണ് ഞാനെന്നു തീര്‍ച്ചപ്പെടുത്താറുണ്ട്. ഒരു മൂലയില്‍നിന്ന് മറ്റൊന്നിലേക്ക് തെന്നിമാറി, ആരുടെയൊക്കെയോ കടുത്ത ഭീഷണിയായൊരാളാണ് എന്ന കരുതലോടെയാണ് എന്റെ ഓരോ ചുവടുവെപ്പും.
ഞാൻ ഒരു പോരാളിയല്ല. ഒരിക്കലും തോക്കേന്തിയിട്ടില്ല. ഒരു പോരാട്ടത്തിലും ഏര്‍പ്പെട്ടിട്ടില്ല. ഇസ്രായേലിനോ മറ്റു വല്ലവര്‍ക്കുമോ ഞാനൊരു ഭീഷണിയാണെന്നും കരുതുന്നില്ല. ജനങ്ങളുടെ കഥ രേഖപ്പെടുത്തുന്ന വെറുമൊരു എഴുത്തുകാരൻ മാത്രമാണ് ഞാൻ. പക്ഷേ, അതുതന്നെയാണ് എന്റെ അപരാധവും.
ഒരു അധിനിവേശ ശക്തിക്ക്, ഇസ്രായേലിന് ഞാൻ ഒരു പോരാളിയേക്കാള്‍ ഭീഷണിയാണ്. പോരാളികള്‍ മരണപ്പെട്ടേക്കാം. അതോടെ അവരുടെ യാത്ര തീര്‍ന്നു. എന്നാല്‍, ഒരു എഴുത്തുകാരൻ എന്നനിലയില്‍ ഞാൻ പറഞ്ഞ കഥകള്‍ എന്നെന്നും നിലനില്‍ക്കും. അതെന്റെ ജനതയുടെ ചരിത്രരേഖയാണ്. ചരിത്രത്തെ മറയ്ക്കാനുള്ള മിടുക്കില്‍നിന്നാണ് അധിനിവേശം കരുത്തുനേടുന്നത്.
അതിനെതിരെ പ്രതിരോധം തീര്‍ത്ത് ഞങ്ങളുടെ ജനതയെക്കുറിച്ച നേരുകള്‍ നിലനിര്‍ത്തി സംരക്ഷിച്ചുപോരുന്ന പണിയാണ് ഞങ്ങളെടുക്കുന്നത്. അധിനിവേശകരാല്‍ വ്യവസ്ഥാപിതമായി കൂട്ടക്കൊല ചെയ്യപ്പെടുകയാണവര്‍. അവരുടെ ദേശം മായ്ച്ചുകളയുകയാണ്. കാരണം, ഞങ്ങളുടെ അധിനിവേശകന് ഞങ്ങളുടെ മണ്ണ് വേണം.
ആക്രമണത്തിന്റെ ആദ്യ രണ്ടു ദിനങ്ങളില്‍ ഞാൻ വാര്‍ത്തകള്‍ക്കായി ഫീല്‍ഡില്‍ പോയിരുന്നു. ഗസ്സ സിറ്റിയിലെ അല്‍ശിഫ ആശുപത്രി പോലെ ഏറ്റവും സുരക്ഷിതമായി പോകാൻ കഴിയുന്ന ഇടങ്ങളിലേക്കാണ് ഞാനിറങ്ങിയത്. യുദ്ധവിമാനങ്ങള്‍ ആശുപത്രികള്‍ ഉന്നമിടുമെന്ന് കരുതിയതേയല്ല. എന്നാല്‍, ഇപ്പോഴിതാ അതും. ഗസ്സയില്‍ ചെയ്യരുതാത്ത കുറ്റകൃത്യങ്ങള്‍ ഒന്നുമില്ല എന്നു തെളിയിച്ചിരിക്കുന്നു ഇസ്രായേല്‍.
ഞാൻ ആശുപത്രിയുടെ അടുത്തുള്ള ഒരു കഫേയില്‍ കയറി. ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അവിടെയുണ്ട്. കാരണം, അവിടെ വൈദ്യുതിയും ഇൻറര്‍നെറ്റ് കണക്‌ഷനും ഉണ്ടായിരുന്നു. അവിടെ കഴിയുന്ന ഓരോ സെക്കൻഡും കാശു കൊടുത്തുവാങ്ങിയ സമയം പോലെയായിരുന്നു.
ഞങ്ങള്‍ക്കറിയാം, ഇസ്രായേലിന് ഗസ്സയെ ലോകത്തുനിന്ന് മുറിച്ചുമാറ്റണം. അവിടത്തെ ജനങ്ങളുടെ ദുരിതവും ഇസ്രായേലിന്റെ അതിക്രമങ്ങളും ലോകത്തിനു കാണിച്ചുകൊടുക്കുന്നവരെ കൊല്ലണം. ഇസ്രായേലിന്റെ ഉന്നമാണ് എന്നറിയാം. എന്നാലും ഞങ്ങള്‍ക്ക് ജോലിചെയ്തേ പറ്റൂ.
ഒരു കവചംപോലെ, PRESS എന്ന് മുദ്രണംചെയ്ത മേല്‍ക്കുപ്പായവും തലമൂടാൻ ഒരു നീല ഹെല്‍മറ്റും ധരിച്ചാണ് ഞാൻ ഇറങ്ങുക. അതെന്നെ കാത്തുകൊള്ളും എന്ന തോന്നലുമായി. മാധ്യമപ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞാല്‍ ഇസ്രായേലി മിസൈലുകളില്‍നിന്ന് ഒഴിവാകാമെന്നായിരുന്നു ധാരണ.
എന്നാല്‍, അതെന്നെ സംരക്ഷിക്കില്ല. സഹപ്രവര്‍ത്തകര്‍ ദിനേന കൊലചെയ്യപ്പെടുന്നു. ഇസ്രായേലി വ്യോമാക്രമണം കഴിഞ്ഞയാഴ്ച 10 ജേണലിസ്റ്റുകളുടെ ജീവനെടുത്തു. ഡസൻ കണക്കിന് ആളുകള്‍ക്ക് ഗുരുതര പരിക്കേറ്റു.
ഓരോ വട്ടം വാര്‍ത്ത കേള്‍ക്കുമ്ബോഴും ആദ്യമായി കേള്‍ക്കുന്നതുപോലുള്ള ഞെട്ടലാണുളവാകുക. ഓരോ തവണ പുറത്തുപോകുമ്ബോഴും അതെന്റെ അവസാനത്തെ ചുവടായിരിക്കും എന്നുതോന്നും. ദൈവസഹായത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. എന്റെ
കാര്യത്തിനല്ല, ഒമ്ബത് മാസം മാത്രം പ്രായമുള്ള എന്റെ മകനുവേണ്ടി. അവൻ പിതാവില്ലാതെ വളരരുതേ എന്നാണ് തേട്ടം. എന്റെ ദുരിതം ഞാൻ അനുഭവിച്ചോളാം. എന്നാല്‍, അവൻ കഷ്ടപ്പെടുന്നത് എനിക്ക് താങ്ങാനാവില്ല.
വീടു വിട്ടിറങ്ങുമ്ബോള്‍, PRESS എന്നെഴുതിയ മേല്‍ക്കുപ്പായം എടുത്തണിയുമ്ബോള്‍, ഒരു ഇരയാണ് പോകുന്നത് എന്നമട്ടിലാണ് വീട്ടുകാരുടെ നോട്ടം. ഭാര്യ പിഞ്ചുമോനെയെടുത്ത് എന്റെയരികില്‍ വരും. അതെന്തിനാണെന്ന് എനിക്ക് നന്നായറിയാം.
ജോലിക്കായി പുറത്തിറങ്ങാനുള്ള തീരുമാനം ഞാൻ പുനഃപരിശോധിക്കണം, അവരുടെ കൂടെ വീട്ടില്‍ നില്‍ക്കണം. കുഴഞ്ഞുപോകും മുമ്ബ്, അവരുടെ മുന്നില്‍ കണ്ണുനീര്‍ ഉറ്റിവീഴുംമുമ്ബ് ഞാൻ ബൈ പറയും. അവര്‍ക്കു കരുത്തോടെ നില്‍ക്കുന്ന എന്നെയാണല്ലോ ആവശ്യം. അതെന്റെ
അവസാനത്തെ സലാം പറച്ചിലാകാം; അവസാനത്തെ ആശ്ലേഷവും.
ഈ ദിനങ്ങളില്‍ ഗസ്സയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലിയില്‍ ഞാൻ നേരിടുന്ന വെല്ലുവിളി ഇതു മാത്രമല്ല, മരണം നിഴല്‍പോലെ പിറകെയുണ്ട്. എന്നാല്‍, ഓരോ നാളും കാണുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ക്കു മുന്നില്‍ പതറാതിരിക്കുക, അതിജീവിതരുടെ കഥകള്‍ക്കു മുന്നില്‍ കണ്ണീരണിയാതെ നില്‍ക്കുക -അതാണ് ഏറ്റവും വിഷമകരം.
ജീവാപായമില്ലാതെ രക്ഷപ്പെട്ടവര്‍ വാസ്തവത്തില്‍ അതിജീവിച്ചു എന്നു പറഞ്ഞുകൂടാ. കുടുംബം മുഴുവൻ കൊല്ലപ്പെടുകയോ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയോ ചെയ്താല്‍ പിന്നെ അവര്‍ക്ക് എന്ത് അതിജീവനമാണ്!
ഗസ്സയില്‍ വീട്ടില്‍ ഇരിക്കുന്നതും സുരക്ഷിതമല്ല. ഫീല്‍ഡില്‍ ജോലിയുമായി പോകുന്നവര്‍ ജീവൻ കൈയില്‍പിടിച്ചാണ് നീങ്ങുന്നത്. എന്നെപ്പോലുള്ളവര്‍ക്ക് കൊല്ലപ്പെട്ടാലും പ്രശ്നമില്ല. സ്വന്തം ജനതയുടെ ദുരിതപ്പാടുകളുടെ സന്ദേശവാഹകരാണല്ലോ ഞങ്ങള്‍. എന്റെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നത് കൂടുതല്‍ ഊര്‍ജം പകരുന്നു. ‘മോണ്ടോ വീസി’ലെ സഹപ്രവര്‍ത്തകരാണ് എന്റെ ശബ്ദം ലോകത്തെത്തിക്കുന്നത്.
ഇന്നു ഞാൻ നിങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നു. നാളെ ഞാനാവാം വാര്‍ത്ത. വരുംദിനങ്ങളില്‍ മറ്റൊരു സ്‌റ്റോറി നല്‍കാൻ എനിക്കാവുമോ എന്നു തീര്‍ച്ചയില്ല. ഞാൻ അതിജീവിക്കും എന്നുരുറപ്പുമില്ല. അമേരിക്കയുടെയും യൂറോപ്യൻ രാഷ്ട്രങ്ങളുടെയും കൂടെ ഇസ്രായേല്‍ ഗസ്സ ചീന്തിനെ തുടച്ചുനീക്കാൻ തീരുമാനിച്ചിരിക്കുന്നു.
എന്‍റെ ഈ കുറിമാനം വായിക്കുന്ന എല്ലാവരും ഒന്നോര്‍ക്കുക: ലോകത്തെ വൻശക്തി രാഷ്ട്രങ്ങളെല്ലാം ഗസ്സയിലെ സിവിലിയന്മാരെ കൊന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശത്തെയും മാനവികതയെയും കുറിച്ച് അവര്‍ പറയുന്നത് വിശ്വസിക്കരുത്. അവര്‍ക്ക് തരിമ്ബും മനുഷ്യത്വമില്ല.
കഴിഞ്ഞ 17 വര്‍ഷമായി ഞങ്ങള്‍ അവരോട് കേണുപറയുന്നു, ഈ ഉപരോധമൊന്ന് നീക്കിത്തരാൻ. അവര്‍ അത് ശ്രദ്ധിച്ചതേയില്ല. എന്നിട്ടിപ്പോള്‍ അവര്‍ ഞങ്ങളെ കൊല്ലാൻ തിരക്കുകൂട്ടുകയാണ്.
എന്‍റെ സ്റ്റോറികള്‍ ലൈവ് ആക്കി നിര്‍ത്തുമ്ബോള്‍ നിങ്ങള്‍ എന്നെ ജീവിപ്പിക്കുകയാണ്. ഓര്‍ക്കുക: ഞാനും ഒരു സാധാരണ ജീവിതം കൊതിച്ചിരുന്നു. എന്‍റെ കുട്ടികളുടെ കളിചിരികളും ഭാര്യ പാകംചെയ്യുന്ന ഭക്ഷണത്തിന്‍റെ സുഗന്ധവുമുള്ള ഒരു കൊച്ചുവീട് ഞാൻ ആറ്റുനോറ്റിരുന്നു. ആ ഇത്തിരി സ്വപ്നമാണ് മാനവികതയുടെ രക്ഷകരായി
വേഷംകെട്ടുന്ന ലോകം ഞെരിച്ചുകൊല്ലാൻ ഒത്തുചേരുന്നത്.
എന്നെ ഓര്‍ക്കുക, നിവൃത്തിയില്ലാതെ നിര്‍ബന്ധിതമായി ഈ ലോകത്തുനിന്ന് വിടപറയാൻ തയാറെടുത്തുനില്‍ക്കുന്ന ഞാൻ പോകുന്നത് മെച്ചപ്പെട്ട ഒരു ലോകത്തേക്കാണ്-അമേരിക്കയും ഇസ്രായേലും നിലനില്‍ക്കാത്ത ഒരു ലോകത്തേക്ക്.