ഭാവി മുന്നില്‍ കണ്ട് ഫോക്‌സ്‌കോണും എൻവിഡിയയും- ലോകത്താകമാനം ‘എഐ ഫാക്ടറികള്‍’ നിര്‍മിക്കും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസില്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യകള്‍ ഇതിനകം രംഗപ്രവേശം ചെയ്തുകഴിഞ്ഞു. സാങ്കേതിക വിദ്യയുടെ ഭാവിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിനൊപ്പം ആയിരിക്കും എന്നതില്‍ യാതൊരു വിധ സംശയത്തിന്റെയും ആവശ്യമില്ല.

എഐ സാങ്കേതിക വിദ്യകളുടെ പ്രവര്‍ത്തനത്തിന് ശക്തമായ പ്രൊസസിങ് ചിപ്പുകളുടെ പിൻബലത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയേറിയ ഡാറ്റാ സെന്ററുകള്‍ ആവശ്യമാണ്. ഭാവിയിലെ ഈ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് സംയുക്ത സംരംഭത്തിനൊരുങ്ങുകയാണ് ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെ കരാര്‍ നിര്‍മാതാക്കളായ തായ് വാൻ കമ്ബനി ഫോക്സ്കോണും മുൻനിര ചിപ്പ് നിര്‍മാതാക്കളായ എൻവിഡിയയും.

ഫോക്സ്കോണും എൻവിഡിയയും ചേര്‍ന്ന് ഒരു പുതിയ തരം ഡാറ്റാ സെന്റര്‍ നിര്‍മിക്കാൻ ഒരുങ്ങുകയാണ്. ഇലക്‌ട്രിക് കാറുകള്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാവുന്ന ഡാറ്റാ സെന്റര്‍ ആയിരിക്കും ഇത്. എൻവിഡിയയുടെ ചിപ്പുകളും സോഫ്റ്റ് വെയറും ഉപയോഗിച്ചായിരിക്കും ഇതിന്റെ നിര്‍മാണം. ‘എഐ ഫാക്ടറികള്‍’ എന്നാണ് ഇരു കമ്ബനികളും ഇതിനെ വിളിക്കുന്നത്.

തായ്പേയില്‍ നടന്ന ഫോക്സ്കോണിന്റെ വാര്‍ഷിക സാങ്കേതിക വിദ്യാ പ്രദര്‍ശന പരിപാടിയില്‍ വെച്ച്‌ ഫോക്സ്കോണ്‍ ചെയര്‍മാൻ ലിയു യങ്-വേയും എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങും ചേര്‍ന്നാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്.

‘ ഒരു പുതിയ തരം നിര്‍മാണരംഗം ജന്മമെടുത്തിരിക്കുന്നു, ഇന്റലിജൻസ് ആണ് അവിടെ ഉത്പാദിപ്പിക്കുന്നത്. അത് ഉല്പാദിപ്പിക്കുന്ന ഡാറ്റാ സെന്ററുകളാണ് എഐ ഫാക്ടറികള്‍.’ എന്ന് ഹുവാങ് പറഞ്ഞു. ആഗോള തലത്തില്‍ അവ നിര്‍മിക്കാനുള്ള വൈദഗ്ദ്യം ഫോക്സ്കോണിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനപരമായി എഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വലിയ ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു എഐ ഫാക്ടറി നിര്‍മിക്കുന്നത്. ഉദാഹരണത്തിന്, എഐ അധിഷ്ടിത സാങ്കേതിക വിദ്യകളോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഇലക്‌ട്രിക് കാറുകളുടെ പ്രവര്‍ത്തനവും അവയുടെ ദൈനംദിന ഉപയോഗത്തില്‍ അവ നിരന്തരം ശേഖരിച്ചുകൊണ്ടിരിക്കുന്ന ഡാറ്റ സൂക്ഷിക്കാനും അവ പ്രൊസസ് ചെയ്യാനുമെല്ലാം ഈ എഐ ഫാക്ടറികള്‍ ഉപയോഗിക്കാനാവും.

എഐ ഉപകരണങ്ങള്‍ അവയുടെ ഉപയോഗത്തില്‍ നിന്ന് സ്വയം പഠിക്കുന്നുണ്ട്. അതിനനുസരിച്ചാണ് അവയുടെ പ്രവര്‍ത്തനങ്ങള്‍. സ്മാര്‍ട് കാറുകള്‍ക്ക് കൂടുതല്‍ ഡാറ്റ ശേഖരിക്കേണ്ടതായി വരും. അത് നേരെ എഐ ഫാക്ടറിയിലേക്കാണ് പോവുക. ഈ ഡാറ്റ വിശകലനം ചെയ്യുന്ന എഐ ഫാക്ടറികള്‍ കാറിന്റെ പ്രവര്‍ത്തനവും സോഫ്റ്റ് വെയറും മെച്ചപ്പെടുത്താനും അപ്ഡേറ്റുകള്‍അവതരിപ്പിക്കാനും സഹായിക്കും. ഹുവാങ് പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ കമ്ബനികള്‍ക്ക് എഐ ഫാക്ടറികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.

ലോകത്തെ ഏറ്റവും ശക്തരായ ചിപ്പ് നിര്‍മാണ കമ്ബനിയാണ് എൻവിഡിയ. ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ ഉള്‍പ്പടെ മുൻനിര കമ്ബനികളെല്ലാം അവരുടെ വിവിധ എഐ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനത്തിനായി ആശ്രയിച്ചുവരുന്നത് എൻവിഡിയയുടെ ഗ്രാഫിക് കാര്‍ഡുകളെയാണ്. ഫോക്സ്കോണുമായി ചേര്‍ന്ന് നിര്‍മിക്കുന്ന എഐ ഫാക്ടറികളില്‍ തങ്ങളുടെ ചിപ്പ് ഉപയോഗിക്കുമെന്ന് എൻവിഡിയ വ്യക്തമാക്കി. കമ്ബനിയുടെ ശക്തിയേറിയ ജിഎച്ച്‌200 സൂപ്പര്‍ ചിപ്പും ഇതിനായി ഉപയോഗിക്കും.

ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിച്ച്‌ നല്‍കുന്ന പ്രധാന കരാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ഫോക്സ്കോണ്‍.സ്മാര്‍ട്ഫോണുകള്‍ക്ക് പുറമെ മറ്റ് പല ഇലക്‌ട്രോണിക് ഉപകരണങ്ങളും വിവിധ ബ്രാൻഡുകള്‍ക്ക് വേണ്ടി ഫോക്സ്കോണ്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. കമ്ബനിയുടെ വൈദഗ്ദ്യമാണ് എഐ ഫാക്ടറി നിര്‍മാണത്തിനായി എൻവിഡിയ പ്രയോജനപ്പെടുത്തുക.