ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. മുൻവർഷത്തേക്കാൾ സമ്മാന തുകയിൽ 25ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ പാരിതോഷികമായി നൽകും.വെളളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപ വെങ്കല മെഡൽ ജേതാക്കൾക്ക് 12.5 ലക്ഷം രൂപയും സമ്മാനം നൽകും.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം.

നേരത്തെ പരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു.ഏഷ്യൻ ഗെയിംസിൽ അഭിമാനാർഹമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് അഭിനന്ദനമോ അർഹിമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്നായിരുന്നു താരങ്ങൾ ആരോപണം ഉന്നയിച്ചത്.

ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍,അബ്ദുള്ള അബൂബക്കര്‍ എന്നിവർ സംസ്ഥാന സർക്കാറിന്‍റെ അവഗണനയെ തുടർന്ന് കേരളം വിടുന്നതിന് കുറിച്ച് പറഞ്ഞിരുന്നു.ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പി ആര്‍ ശ്രീജേഷും രംഗത്തെത്തിയിരുന്നു.

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ട് സ്വന്തം പഞ്ചായത്ത്‌ പ്രസിഡന്‍റ് പോലും ഒന്നു കാണാൻ വന്നില്ലെന്നും ഹരിയാന സര്‍ക്കാര്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് മൂന്ന് കോടി രൂപയാണ് പാരിതോഷികം നല്‍കുന്നതെന്നും ശ്രീജേഷ് പറഞ്ഞു.