ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരിച്ചു

ദുബൈ: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്ബിള്‍ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിൻ ദാസാണ് മരിച്ചത്.
24 വയസായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
ദുബൈ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് നിധിൻദാസിന്റെ മരണം സ്ഥിരീകരിച്ചത്. സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ നിധിന് കഴിഞ്ഞ ദിവസമാണ് ജോലി ലഭിച്ചത്.
ചൊവ്വാഴ്ച അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദര്‍ ബില്‍ഡിങിലായിരുന്നു അപകടം. 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒമ്ബതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ നിധിൻ ദാസ് ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരം ആയിരുന്നു.
ഷാനില്‍, നഹീല്‍ എന്നിവരാണ് സരമായി പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. എൻ എം സി ആശുപത്രിയില്‍ അഞ്ചുപേരും ചികിത്സയില്‍ ഉണ്ട്. ഇവരുടെ പരിക്ക് ഗുരുതരം അല്ലെന്നാണ് വിവരം. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. മിക്കവരും ബാച്ച്‌ലര്‍ താമസക്കാരായിരുന്നു. സംഭവത്തെ കുറിച്ച്‌ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായി ഫവാസ് പറഞ്ഞു.