ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോള്‍ ഹില്ലില്‍ പ്രതിഷേധം

വാഷിങ്ടണ്‍: ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോള്‍ ഹില്ലില്‍ പ്രതിഷേധം. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തില്‍ ജൂത വംശജര്‍ പങ്കെടുത്തു. ‘ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ജൂതന്മാര്‍’, ‘ഞങ്ങളുടെ പേരില്‍ വേണ്ട’, ‘ഗാസയെ ജീവിക്കാന്‍ അനുവദിക്കുക’ എന്നെല്ലാമെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ജൂത വംശജര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ‘ജൂയിഷ് വോയിസ് ഫോര്‍ പീസ്’ എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച യുദ്ധം തുടരുന്നതിനിടെ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായാണ് ക്യാപിറ്റോള്‍ ഹില്ലില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയത്. പ്രതിഷേധക്കാരില്‍ ചിലർ കാനൺ ഹൗസ് ഓഫീസ് കെട്ടിടത്തില്‍ പ്രവേശിച്ച് ‘വെടിനിര്‍ത്തല്‍’ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാര്‍ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.

മുന്നൂറോളം പ്രതിഷേധക്കാരെ ക്യാപിറ്റോൾ പൊലീസ് അറസ്റ്റ് ചെയ്തു- “പ്രകടനം നിർത്താൻ ഞങ്ങൾ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകി. അവർ അനുസരിക്കാന്‍ തയ്യാറായില്ല. ഇതോടെ അറസ്റ്റിലേക്ക് കടന്നു” എന്നാണ് ക്യാപിറ്റോൾ പൊലീസ് അറിയിച്ചത്. ക്യാപിറ്റോള്‍ ഹില്ലിലെ കെട്ടിടത്തിനുള്ളിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കുറ്റം മൂന്ന് പേർക്കെതിരെ ചുമത്തിയെന്നും ക്യാപിറ്റോൾ പൊലീസ് അറിയിച്ചു.
വെടിനിര്‍ത്തലിന് ബൈഡന്‍ ഭരണകൂടം ആഹ്വാനം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു- “ഇപ്പോൾ ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാൻ ബൈഡന് മാത്രമേ കഴിയൂ. നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ ആ ശക്തി അദ്ദേഹം ഉപയോഗിക്കേണ്ടതുണ്ട്”- പ്രതിഷേധത്തില്‍ പങ്കെടുത്ത 32 കാരിയായ ഹന്ന ലോറൻസ് അഭിപ്രായപ്പെട്ടു. ബൈഡന്‍ കണ്ണ് തുറക്കണമെന്ന് ഫിലാഡൽഫിയയിൽ നിന്നെത്തിയ 71കാരി ലിൻഡ ഹോൾട്ട്‌സ്മാൻ ആവശ്യപ്പെട്ടു- – “ഗാസയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഗാസയിലെ നാശം നോക്കൂ. നിങ്ങൾ എഴുന്നേറ്റു നിന്ന് വംശഹത്യ അവസാനിപ്പിക്കണം. ഉടനടി വെടിനിര്‍ത്തണം”