ലോകകപ്പ് ഫൈനലിലെത്തുക ആ രണ്ട് ടീമുകള്‍; പ്രവചനവുമായി ആകാശ് ചോപ്ര
പൂനെ: ലോകകപ്പ് പാതിവഴിയിലെത്തുമ്പോള്‍ കളിച്ച നാലു കളിയും ജയിച്ച് ന്യൂസിലന്‍ഡ് ഒന്നാമതും മൂന്നില്‍ മൂന്ന് ജയങ്ങളുമായി ഇന്ത്യ രണ്ടാമതുമാണ്. ഇന്ന് ബംഗ്ലാദേശിനെ മികച്ച മാര്‍ജിനില്‍ കീഴടക്കിയാല്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ട്. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടമാകും ആദ്യ സ്ഥാനത്ത് ആരെത്തുമെന്നതില്‍ നിര്‍ണായകമാകുക.
ഇതിനിടെ ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ത്യയും ന്യൂസിലന്‍ഡുമായിരിക്കും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുകയെന്ന് അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡ് വമ്പന്‍ ജയം നേടിയതിനുശേഷം ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. നാലു ജയങ്ങളുമായി ന്യൂസിലന്‍ഡ് ഫൈനലിലേക്ക് ഒരു കാലെടുത്ത് വെച്ചു കഴിഞ്ഞുവെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
പ്രധാനതാരങ്ങളുടെ അഭാവത്തില്‍ പോലും വിജയം നേടാന്‍ കെല്‍പ്പുള്ളവരാണ് ന്യൂസിലന്‍ഡെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.കളിച്ച നാലു മത്സരങ്ങളും ജയിച്ച ന്യൂസിലന്‍ഡ് സെമി ഫൈനല്‍ ബെര്‍ത്ത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കെയ്ന്‍ വില്യംസണിന്‍റെ അഭാവം പോലും അവരെ ബാധിച്ചിട്ടില്ലെന്നത് എത്രമാത്രം മികച്ച ടീമാണ് അവരുടേത് എന്നതിന് തെളിവാണ്. ജയിക്കാനുള്ള വഴി അവര്‍ കണ്ടെത്തിക്കഴിഞ്ഞു.
തിരിച്ചടികളില്‍ തകരാതെ എങ്ങനെ കരകയറാമെന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും അവര്‍ തെളിയിച്ചു.മധ്യനിരയുടെ തകര്‍ച്ചയിലും ചെന്നൈയിലെ ദുഷ്കരമായ പിച്ചില്‍ അവര്‍ മികച്ച സ്കോര്‍ കണ്ടെത്തിയെന്നത് തന്നെ അതിന് വലിയ ഉദാഹരണമാണ്. ടോം ലാഥമും ഗ്ലെന്‍ ഫിലിപ്സും വില്‍ യങും രചിന്‍ രവീന്ദ്രയും ഡെവോണ്‍ കോണ്‍വെയുമെല്ലാം വില്യംസണിന്‍റെ അസാന്നിധ്യം അറിയാതെ ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നവരാണ്.ബൗളിംഗിലാകട്ടെ ട്രെന്‍റ് ബോള്‍ട്ടും മാറ്റ് ഹെന്‍റിയും ലോക്കി ഫെര്‍ഗ്യൂസനുമെല്ലാം ഒന്നിനൊന്ന് മികച്ച ഫോമില്‍.അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യയും ന്യൂസിലന്‍ഡുമാകും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുകയെന്നും ആകാശ് ചോപ്ര പറഞ്ഞു.