രണ്ടര വര്‍ഷത്തെ പ്രയത്നം; ഒടുവില്‍ ‘വള്ളട്ടോള്‍’ വള്ളത്തോള്‍ ആക്കി തിരുത്ത്
ചെറുതുരുത്തി: മഹാകവിയായ മുത്തച്ഛന്‍റെ പേരിലെ തെറ്റ് മാറ്റാൻ പേരമകൻ ഓഫിസുകളില്‍ കയറിയിറങ്ങിയത് രണ്ട് വര്‍ഷവും ഏഴ് മാസവും.
പരിശ്രമത്തിനൊടുവില്‍ പേര് ശരിയാക്കിയതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് ആ പേരിട്ടത് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ സ്മരണക്കാണ്. സ്റ്റേഷനിലെ ബോര്‍ഡില്‍ പേര് ഇംഗ്ലീഷില്‍ ‘വള്ളട്ടോള്‍’ (VALLATTOL) എന്നാണ് എഴുതിയിരുന്നത്.
ഇത് ‘വള്ളത്തോള്‍’ (VALLATHOL) എന്ന് ശരിയായി എഴുതണമെന്ന ആവശ്യവുമായി മഹാകവിയുടെ പേരമകൻ രവീന്ദ്രനാഥൻ വള്ളത്തോള്‍ 2021 മാര്‍ച്ച് 19ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനില്‍ ചെന്നുകണ്ടിരുന്നു. അന്നത്തെ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് തന്‍റെ അപേക്ഷ കൈമാറണമെന്ന് അഭ്യര്‍ഥിക്കുകയും ഗവര്‍ണര്‍ അത് ചെയ്യുകയുമുണ്ടായി. നടപടി സ്വീകരിക്കാമെന്ന് പീയുഷ് ഗോയല്‍ തൊട്ടടുത്ത മാസം ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.
വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനിലെ പഴയ ബോര്‍ഡ്
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പീയുഷ് ഗോയല്‍ മാറി അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായി ചുമതലയേറ്റു. രവീന്ദ്രനാഥൻ പുതിയ റെയില്‍വേ മന്ത്രിക്കും കൂടാതെ പ്രധാനമന്ത്രിക്കും ആവശ്യം ഉന്നയിച്ച് കത്തയച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും പുരോഗതി ഇല്ലാത്ത സാഹചര്യത്തില്‍ രമ്യ ഹരിദാസ് എം.പിക്ക് വിവരങ്ങള്‍ കൈമാറി.
മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. റെയില്‍വേ മന്ത്രിക്ക് ഒരുകത്ത് നല്‍കാമോയെന്ന് എം.പിയോട് ആവശ്യപ്പെട്ടു. പിന്നീട് എം.പിയോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞത്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലേക്ക് ബന്ധപ്പെട്ട കടലാസുകള്‍ കൈമാറിയെന്നാണ്.
രവീന്ദ്രനാഥൻ വള്ളത്തോള്‍
കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് തന്‍റെ ആവശ്യങ്ങളടങ്ങിയ പഴയ അപേക്ഷകളും അനുബന്ധ രേഖകളും ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ സച്ചിൻ ശര്‍മക്ക് വാട്സ്ആപ് ചെയ്തു. അപ്പോഴാണ് രവീന്ദ്രനാഥൻ ശരിക്കും ഞെട്ടിയത്. അഞ്ച് മിനിറ്റിനകം മറുപടി വന്നു; ”ഇക്കാര്യത്തില്‍ ഇടപെട്ട് വേണ്ടത് ചെയ്യാം” എന്ന്. തുടര്‍ന്ന് ഇടക്കിടെ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. ആഗസ്റ്റ് എട്ടിന് നേരില്‍ കണ്ട് പുരോഗതി അന്വേഷിച്ചു.
സെപ്റ്റംബര്‍ 17ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷൻ ഓഫിസിലേക്ക് വിളിച്ചു. പിന്നീട് നേരിട്ട് ഓഫിസില്‍ എത്തുന്നതിന് മുമ്ബ് പേര് എഴുതിയതിലെ തെറ്റ് തിരുത്താനുള്ള അപേക്ഷ അംഗീകരിച്ചതായി ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ആസ്ഥാനത്തുനിന്നുള്ള കത്ത് വാട്സ്ആപില്‍ ലഭിച്ചു.
മണിക്കൂറുകള്‍ക്കകം റെയില്‍വേ സ്റ്റേഷന്‍റെ പേരിലെ തെറ്റ് മാറ്റിയതായി വാട്സ്ആപില്‍ അറിയിപ്പെത്തി. ആവശ്യം നടപ്പാക്കാൻ ഇടപെട്ട എല്ലാവരോടും വള്ളത്തോളിന്‍റെ
കുടുംബത്തിന്‍റെ നന്ദിയുണ്ടെന്ന് രവീന്ദ്രനാഥൻ വള്ളത്തോള്‍ പറഞ്ഞു.