പയ്യന്നൂര്‍: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.
ചായമക്കാനി കേളോത്ത്, കാസ കുക്ന കേളോത്ത്, സ്ട്രീറ്റ് ഫുഡ് കേളോത്ത്, റോയല്‍ ഫുഡ് റെയില്‍വേ ഗേറ്റ്, സംസം ഹോട്ടല്‍ കൊറ്റി എന്നീ ഹോട്ടലുകളില്‍ നിന്നായി പഴകിയ എണ്ണ, ചിക്കൻ ഫ്രൈ, കല്ലുമ്മക്കായ ഫ്രൈ, പൊറോട്ട മാവ്, ഷവര്‍മ, സ്വദേശി വട, കിഴങ്ങ് പൊരി തുടങ്ങിയവ പിടിച്ചെടുത്തു. പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി.
ആരോഗ്യ വിഭാഗം സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പി. ഷിബു, പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരായ എം. രേഖ, ഒ.കെ. ശ്യാം കൃഷ്ണൻ, എ. അനീഷ്ലാല്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
ഇരിട്ടി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടികൂടി. 19ാം മൈലിലെ
കൊട്ടാരം ഫ്രൂട്ട്സ്, അമീര്‍ തട്ടുകട, പി.കെ. ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കളും ഉളിയില്‍ പാലത്തിനു സമീപത്തെ സെക്കൻഡ് സ്ട്രീറ്റ്, 19ാം മൈലിലെ എസ്.എം. സ്റ്റോര്‍ , ഗ്രാന്റ് വി സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുമാണ് പിടിച്ചെടുത്തത്. ക്ലീൻസീറ്റി മാനേജര്‍ രാജീവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 10,000 രൂപ വീതം പിഴ ഈടാക്കാനുള്ള നടപടിയും സ്വീകരിച്ചു.