വിഴിഞ്ഞം തീരത്ത് സുരക്ഷ ശക്തമാക്കി ഇന്ത്യൻ നേവി
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് ഇന്ത്യൻ നാവിക സേന സുരക്ഷ ശക്തമാക്കി. ചൈനീസ് കപ്പലിന് സംരക്ഷണത്തിനായി ഇന്ത്യൻ നേവിയുടെ രണ്ട് യുദ്ധക്കപ്പലുകൾ വിഴിഞ്ഞം തീരത്തേക്ക് എത്തി. ഉച്ചയോടെയാണ് യുദ്ധക്കപ്പലുകൾ തീരത്ത് എത്തിയത്. അതേസമയം വിഴിഞ്ഞത് കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കി. ഇന്ന് കടൽ ശാന്തമായതോടെയാണ് ക്രെയിനുകൾ ഇറക്കി തുടങ്ങിയത്. മൂന്ന് ക്രെയിനുകളാണ് വിഴിഞ്ഞത്തേക്ക് കപ്പലിൽ എത്തിയത്.
ആഘോഷപൂർവ്വം ആദ്യ കപ്പലിനെ വരവേറ്റ് ദിവസങ്ങൾ കഴിഞ്ഞിട്ടും കപ്പലിലെത്തിച്ച ക്രെയിനുകൾ ഇറക്കാനായിരുന്നില്ല. ഷെൻ ഹുവ 15 കപ്പലിൽ ചൈനീസ് പൗരന്മാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തതായിരുന്നു കാരണം. അദാനി ഗ്രൂപ്പിൻറെയും സംസ്ഥാന സർക്കാറിൻറെയും സമ്മർദ്ദത്തിന് ഒടുവിലാണ് 12 ചൈനീസ് പൗരന്മാരിൽ 3 പേർക്ക് കപ്പലിൽ നിന്ന് കരയിലേക്ക് ഇറങ്ങാൻ അനുമതി കിട്ടിയത്. ഏറ്റവും വിദഗ്ധരായ 3 പേർക്കെങ്കിലും അനുമതി വേണമെന്ന ആവശ്യമാണ് കേന്ദ്ര സർക്കാർ ഏറ്റവും ഒടുവിൽ അംഗീകരിച്ചത്.
ഷാങ് ഹായ് പിഎംസിയുടെ മുംബെയിൽ നിന്നെത്തിയ 60 വിദഗ്ധരുടെ കൂടെ സഹായത്തോടെയാണ് കപ്പലിലെത്തിയ മൂന്ന് പേരുടെ കൂടി ശ്രമഫലമായി ക്രെയിൻ ഇറക്കിയത്. കപ്പൽ തുറമുഖത്ത് പിടിച്ചിട്ടിരുന്നാൽ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണ്. ഒരു ദിവസം 25000 യുഎസ് ഡോളറാണ് നഷ്ട പരിഹാരമായി നൽകേണ്ടത്. വിഴിഞ്ഞത്തെ പ്രത്യേക സാഹചര്യം ഉന്നയിച്ച് നഷ്ട പരിഹാരം ഒഴിവാക്കാനുള്ള ചർച്ചയും അദാനി തുടങ്ങിയിരുന്നു. മുന്ദ്രയിലും ക്രെയിനുകൾ ഇറക്കിയെങ്കിലും വിഴിഞ്ഞത്തെ സാഹചര്യം വ്യത്യസ്തമാണ്. പ്രവർത്തിക്കുന്ന തുറമുഖമായതിനാൽ മുന്ദ്രയിൽ തന്നെ വിദഗ്ധർ ഏറെയുണ്ട്. എന്നാൽ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യാതെ പണിനടക്കുന്ന സ്ഥലമാണ്. ആറു മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്ന വാഗ്ദാനം പാലിക്കലാണ് അദാനിക്കും സംസ്ഥാന സർക്കാറിനും മുന്നിലെ വെല്ലുവിളി.