രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് പഠന കേന്ദ്രമായി കേരളം മാറിയെന്ന് വിദേശ വിദ്യാര്‍ത്ഥി സംഗമത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യാന്തര വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി സംസ്ഥാനം മാറിയെന്ന് കേരളീയം ആഘോഷവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തി കേരളത്തില്‍ പഠിക്കുന്ന 162 വിദ്യാര്‍ത്ഥികളുടെ സംഗമം തിരുവനന്തപുരത്ത് നടന്നു.
കനകക്കുന്ന് കൊട്ടാരവളപ്പിലായിരുന്നു കേരളത്തില്‍ വിവിധ ഇടങ്ങളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ സംഗമ വേദി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തി കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കൊപ്പം ഗ്രൂപ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അക്ഷമരായി കാത്തുനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തുമ്ബോഴേക്കും പൊടുന്നനെ മഴ പെയ്തു.
വരാന്തയില്‍ വിദ്യാര്‍ത്ഥികളുമായി കുശലം പറ‍ഞ്ഞ് മുഖ്യമന്ത്രി വേദിയിലേക്ക് പോയി. രാജ്യാന്തര വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന പ്രധാന പഠന കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു പിണറായി വിജയൻ പ്രസംഗത്തില്‍ പറഞ്ഞു. ഇതരസംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെയും കേരളം ആകര്‍ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്നോഹോപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു. കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള പഠന വകുപ്പുകളിലും കോളേജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശ വിദ്യാര്‍ഥികളാണ് സംഗമത്തിനെത്തിയത്.