തല ചായ്ക്കാൻ ഇടമില്ല; ദുരിതം പേറി അമ്മയും മകളും

ഇരിട്ടി: ഏത് നിമിഷവും നിലം പൊത്താറായ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ദുരിതം പേറി കഴിയുകയാണ് ആറളം പഞ്ചായത്തിലെ നെടുമുണ്ടയില്‍ താമസിക്കുന്ന ലതയും മകളും.

വൈദ്യുതി പോലുമില്ലാതെ ടാര്‍പോളിൻ കൊണ്ട് മറച്ച വീട്ടിലാണ് മാപ്പിളകുന്നേല്‍ ലതയും 21 വയസ്സുള്ള ഭിന്നശേഷിക്കാരി ആദിത്യയും ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

ഏഴുവര്‍ഷത്തിലധികമായി ഈ കൂരയില്‍ ജീവിക്കുന്ന ഇവര്‍ ശക്തമായ മഴ പെയ്യുമ്ബോള്‍ താമസിക്കുന്ന കുടില്‍ പൊളിഞ്ഞു വീഴുമെന്ന ഭീതിയില്‍ പുറത്തേക്ക് ഇറങ്ങി നില്‍ക്കാറാണ് പതിവ്. ഇപ്പോള്‍ താമസിക്കുന്ന ചെറിയ കൂര സഹോദരിയുടെ സ്ഥലത്താണ്. ഇതിനു സമീപം മൂന്നു സെൻറ് സ്ഥലമാണ് ലതക്കുള്ളത്.

അവിടെ ഒരു വീട് വെക്കാനാണ് ലതയുടെ ശ്രമം. ലൈഫ് ഭവന പദ്ധതിയില്‍ നിന്നും വീട് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. ഇതിനായി ഇവര്‍ പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ട് കാത്തു നില്‍ക്കുകയാണ്.

ലത കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. പക്ഷേ അസുഖം കാരണം ഇപ്പോള്‍ പണിക്ക് പോകാൻ സാധിക്കുന്നില്ലെന്ന് ലത പറഞ്ഞു. മകള്‍ക്ക് ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാല്‍ അതിന്റെ ചികിത്സക്കും പണം ആവശ്യമുണ്ട്. അയല്‍വാസികളാണ് മരുന്നിനും മറ്റുമുള്ള പണം ഇവര്‍ക്ക് നല്‍കി വരുന്നത്.