സുരക്ഷിതമായി കടലിലിറങ്ങി ഗഗൻയാൻ പേടകം; ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം വിജയം
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം..
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 മണിക്കാണ് വിക്ഷേപിച്ചത്.
ഒക്ടോബര്‍ 21 രാവിലെ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിക്കുകയും പിന്നീട് 8.45 ന് വിക്ഷേപണം നടത്താനുള്ള ശ്രമം അവസാന അഞ്ച് സെക്കന്റില്‍ ജ്വലന പ്രശ്നങ്ങള്‍ക്കിടെ നിര്‍ത്തിവെക്കപ്പെട്ടു. പ്രശ്നം പരിശോധിച്ച ശേഷം വിക്ഷേപണ സമയം അറിയ്ക്കാമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് രാവിലെ പത്ത് മണിക്ക് തന്നെ ഇസ്രോ വീണ്ടും വിക്ഷേപണത്തിനൊരുങ്ങുകയായിരുന്നു.
വിക്ഷേപണ ശേഷം 1.66 മിനിറ്റില്‍ ഏകദേശം 17 കിലോമീറ്ററോളം ഉയരത്തിലെത്തിയ ക്രൂ മൊഡ്യൂള്‍ വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ചു.
ഗഗൻയാൻ പദ്ധതിയിലെ വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷണമാണിത്. റോക്കറ്റ് ലോഞ്ച് പാഡില്‍ ഇരിക്കുന്നതുമുതല്‍ ഓര്‍ബിറ്റില്‍ എത്തുന്നതുവരെ ഏതു സമയത്തും പരാജയം സംഭവിക്കാം. ആ പരാജയത്തെ അതിജീവിക്കാൻ പലഘട്ടങ്ങളിലായി ടെസ്റ്റ് നടത്തേണ്ടതുണ്ട്. നാലു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിന്റെ ടെസ്റ്റാണ് ശനിയാഴ്ച നടന്നത്. അതായത് റോക്കറ്റിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തിന് തുല്യമാകുന്ന സമയത്ത് പരാജയം സംഭവിച്ചാല്‍ എങ്ങനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നതിന്റെ പരീക്ഷണമാണിത്.
ടിവി-ഡി1 ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പറഞ്ഞു. ഗഗൻയാൻ പദ്ധതിക്ക് വേണ്ടിയുള്ള ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. ദൗത്യം നിശ്ചയിച്ച പോലെ പൂര്‍ത്തീകരിച്ചു. പേടകം സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു. പേടകം വീണ്ടെടുക്കാനുള്ള നടപടികള്‍ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
നേരത്തെ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓട്ടോമാറ്റിക് ലോഞ്ച് സിസ്റ്റം കംപ്യൂട്ടര്‍ വിക്ഷേപണം നിര്‍ത്തിവെച്ചതെന്ന് എസ്. സോമനാഥ് അറിയിച്ചു. പ്രശ്നം അതിവേഗം തന്നെ പരിശോധിച്ച് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തുവെന്ന് ഇസ്രോ മേധാവി പറഞ്ഞു. ഇത് ഗഗൻയാൻ ദൗത്യ സംഘാങ്ങള്‍ക്കുള്ള പരിശീലനമാണെന്നും എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.