ഗഗൻയാൻ: പരീക്ഷണ വിക്ഷേപണം അവസാന നിമിഷം നിര്‍ത്തിവെച്ചു

ബംഗളൂരു: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഐ.എസ്.ആര്‍.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ആദ്യ പരീക്ഷണം അവസാന നിമിഷം നിര്‍ത്തിവെച്ചു.

വിക്ഷേപണം നിശ്ചയിച്ചിരുന്ന സമയത്തിന് അഞ്ച് സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത് നിര്‍ത്തിവെച്ചത്. നേരത്തെ മോശം കാലാവസ്ഥ മൂലം വിക്ഷേപണം രാവിലെ എട്ട് മണിയില്‍ നിന്ന് എട്ടരയിലേക്കും പിന്നീട് 8:45ലേക്കും മാറ്റിയിരുന്നു.

വിക്ഷേപണം നിര്‍ത്തിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ എസ്.സോമനാഥ് രംഗത്തെത്തി. ഗഗൻയാന്റെ പരീക്ഷണവിക്ഷേപണം ഇന്നുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻജിനിന്റെ ജ്വലനം സാധാരണരീതിയിലായിരുന്നില്ല. എന്ത് പിഴവാണ് ഉണ്ടായതെന്ന് കണ്ടെത്തും. വൈകാതെ വിക്ഷേപണവുമായി തിരിച്ചെത്തും. വിക്ഷേപണവാഹനം സുരക്ഷിതമാണെന്നും എസ്.സോമനാഥ് കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും സാഹചര്യത്തില്‍ ഗഗൻയാൻ ദൗത്യം റദ്ദാക്കേണ്ടി വന്നാല്‍ യാത്രികരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള പരീക്ഷണവിക്ഷേപണമാണ് ഇന്ന് നടത്താനിരുന്നത്. ഇതിനായുള്ള ക്രൂ മൊഡ്യൂള്‍ കഴിഞ്ഞ ദിവസം വിക്ഷേപണവാഹനത്തില്‍ ഘടിപ്പിച്ചിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രൂ എസ്കേപ് സിസ്റ്റം (സി.ഇ.എസ്) പരീക്ഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

റോക്കറ്റിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തിന് തുല്യമാകുന്ന സമയത്ത് പരാജയം സംഭവിച്ചാല്‍ യാത്രക്കാരെ എങ്ങനെ രക്ഷപ്പെടുത്താമെന്നാണ് പരീക്ഷണം. ഇതിനായി വികസിപ്പിച്ചെടുത്ത സിംഗിള്‍ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ടി.വി.ഡി1. ഇതില്‍ ക്രൂ മൊഡ്യൂള്‍ (സി.എം), ക്രൂ എസ്കേപ് സിസ്റ്റം (സി.ഇ.എസ്) എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. യഥാര്‍ഥ മൊഡ്യൂളിന്റെ അതേ സ്വഭാവത്തിലുള്ളതാണ് പരീക്ഷണത്തിനുള്ളതും. നിശ്ചിത ഉയരത്തില്‍നിന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന പേടകം ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ കരയിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നത്