ഇഫ്ളു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരായ കള്ളക്കേസില്‍ പ്രതിഷേധിക്കുക -ഫ്രറ്റേണിറ്റി മൂവ്മെന്റ്
തിരുവനന്തപുരം: ഇഫ്ളു സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കലാപശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്ത തെലങ്കാന പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ.ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഇഫ്‌ലു യൂനിറ്റ് പ്രസിഡന്‍റ് നൂറ മൈസൂൻ, ജോയിന്‍റ് സെക്രട്ടറി റിഷാല്‍ ഗഫൂര്‍ എന്നിവരടക്കം 11 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കലാപശ്രമമടക്കം വകുപ്പുകള്‍ ചുമത്തി തെലങ്കാന പൊലീസ് കേസെടുത്തത്.
ഇഫ്ളു പ്രോക്ടര്‍ സാംസണിന്‍റെ പരാതിയിലാണ് തെലങ്കാന പൊലീസ് കേസെടുത്തത്. കാമ്ബസിലെ വിഷയങ്ങളെ കുറിച്ച് പ്രോക്ടര്‍ സമര്‍പ്പിച്ച പരാതി പച്ചക്കള്ളങ്ങളും അര്‍ധസത്യങ്ങളും നിറഞ്ഞതാണ്. സംഭവസ്ഥലത്ത് ഇല്ലാതിരുന്നവര്‍ക്കെതിരെ അടക്കം കേസ് ചുമത്തിയതും സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ പ്രതികാര വേട്ടയുടെ ഭാഗമാണ്. സര്‍വകലാശാല ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ യൂനിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച മറച്ചുവെക്കാൻ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുകയും തലേ ദിവസം കാമ്ബസില്‍ നടക്കാനിരുന്ന ഫലസ്തീൻ വിഷയത്തിലെ സാഹിത്യ ചര്‍ച്ചയെ ഇതുമായി ബന്ധപ്പെടുത്തുകയും ചെയ്തയൂനിവേഴ്സിറ്റിയുടെയും പൊലീസിന്‍റെയും നീക്കങ്ങള്‍ തികഞ്ഞ അക്രമമാണ്.
ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് ലൈംഗികാതിക്രമ വിഷയത്തില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ കുറ്റക്കാരാക്കി കൈകഴുകാനുള്ള യൂനിവേഴ്സിറ്റി അധികൃതരുടെ ശ്രമങ്ങള്‍ ചെറുത്ത് തോല്‍പിച്ചേ മതിയാവൂ. ലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ കലാപ ശ്രമമുള്‍പ്പെടെ കള്ളക്കേസ് റദ്ദാക്കണമെന്നും ഷെഫ്റിൻ ആവശ്യപ്പെട്ടു.