കല്യാണവീട്ടിലെ ജോലിക്കിടെ കൈകള്‍ പൊള്ളിനശിച്ചു; അപരന്റെ കൈകളുമായി ജിത്ത് കുമാറിന്റെ ജീവിതം
ആ കൈവിരലുകള്‍ക്കിടയില്‍ വിറയലോടെ പേനപിടിച്ച് ഒപ്പിടുമ്ബോള്‍ വേദനയുടെ അങ്ങേത്തലയ്ക്കലെത്തുന്നുണ്ടെന്ന് ജിത്ത് കുമാറിന്റെ മുഖം വിളിച്ചുപറയുന്നുണ്ട്.
പക്ഷേ, ‘അപരന്റെ കൈ’കളാല്‍ വേദന കടിച്ചുപിടിച്ച് ജോലിചെയ്യുമ്ബോഴും ആ മുഖത്ത് മായാത്ത ഒന്നുണ്ടായിരുന്നു, ആത്മവിശ്വാസം.
മാറ്റിവെച്ച കൈകളുമായി ആശുപത്രിക്കു മുന്നിലെ പാര്‍ക്കിങ് മേഖലയില്‍ ജോലിചെയ്യുമ്ബോള്‍ ജിത്ത് കുമാര്‍ പറയുന്നത് ഒന്നുമാത്രം- ”മറ്റൊരാളുടെ കൈകളുമായാണ് കഴിഞ്ഞ ഏഴുവര്‍ഷം ഞാൻ അധ്വാനിച്ച് ജീവിച്ചത്. ഇപ്പോള്‍ ചലനശേഷി നഷ്ടപ്പെട്ട് പ്രശ്നത്തിലായ ഈ കൈകളും മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷേ, അത് എങ്ങനെ ചെയ്യുമെന്ന് ആലോചിക്കുമ്ബോള്‍…” ജിത്തിന്റെ വാക്കുകളില്‍ സങ്കടം നിറഞ്ഞു.
എറണാകുളം അമൃത ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ ജോലിചെയ്യുന്ന ജിത്ത് കുമാര്‍ എന്ന യുവാവിന്റെ ജീവിതം ആത്മവിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ജിത്ത് കുമാര്‍ (28) പ്ലസ് ടുവിന് പഠിക്കുമ്ബോള്‍ വീട്ടിലെ ദാരിദ്ര്യംമൂലം പഠനം നിര്‍ത്തി ഇലക്‌ട്രീഷ്യനായി. 17-ാം വയസ്സില്‍ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തില്‍ ജോലിക്കാരനായ ജിത്തിന്റെ ഇരുകൈകളും ഒരു കല്യാണവീട്ടിലെ ജോലിക്കിടെയുണ്ടായ അപകടത്തില്‍ പൊള്ളിനശിച്ചു. കൈകള്‍ മുറിച്ചുമാറ്റിയാണ് ജീവൻ രക്ഷിച്ചത്.
2014-ലുണ്ടായ അപകടത്തെത്തുടര്‍ന്ന് ജീവിതം ദുരിതപൂര്‍ണമായ ജിത്തിന് 2016-ലാണ് മറ്റൊരു ജീവിതത്തിന്റെ സാധ്യതകള്‍ തുറന്നുകിട്ടിയത്. അപകടത്തില്‍ മരിച്ച റൈസണ്‍ സണ്ണി എന്നയാളുടെ കൈകളാണ് ജിത്തിന് മാറ്റിവെച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് അന്ന് ജിത്തിന് പുതിയൊരു ജീവിതം സമ്മാനിച്ച ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ നടത്തിയത്. സ്ഥിരമായി മരുന്നുകള്‍ കഴിക്കണമെങ്കിലും മാറ്റിവെച്ച കൈകളുമായി ജിത്ത് പതിയെ ജോലികള്‍ ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. അതിനിടെയായാണ് ഇപ്പോള്‍, മാറ്റിവെച്ച കൈകള്‍ പഴുത്ത് വീണ്ടും വേദന തുടങ്ങിയത്.
പ്രതികരണശേഷി നഷ്ടപ്പെട്ട കൈകള്‍ വീണ്ടും മാറ്റിവെക്കണമെങ്കില്‍ 30 ലക്ഷം രൂപ ചെലവു വരും. അനുയോജ്യമായ കൈകള്‍ ലഭിക്കുകയും വേണം. ചികിത്സ തുടരാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുനില്‍ക്കുന്നതിനിടയിലും അധ്വാനിച്ച് ജീവിക്കാൻതന്നെയാണ് ജിത്തിന്റെ തീരുമാനം. അമൃത ആശുപത്രി അധികൃതരുടെ സഹായത്തോടെയാണ് ജിത്തിന് ജോലി കിട്ടിയത്.
ദിവസവും രാവിലെ ഏഴു മുതല്‍ അഞ്ചു വരെ ജിത്ത് ജോലി ചെയ്യും. ഒരു പേന പിടിച്ചാല്‍പ്പോലും വേദനയുള്ള കൈകള്‍കൊണ്ട് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഷ്ടപ്പാടാണ്. സ്പൂണ്‍ കൈയില്‍ പിടിക്കാൻപറ്റാതെ വരുമ്ബോള്‍ പലപ്പോഴും ഭക്ഷണം ഉപേക്ഷിക്കും.വേദനകള്‍ മാത്രം പൊതിയുന്ന ജീവിതത്തിലും പക്ഷേ, ജിത്ത് പറയുന്നത് മറ്റൊന്നാണ്, ”വേദന സഹിക്കാൻ പറ്റുന്നില്ലെങ്കിലും ഈ കൈകള്‍ കൊണ്ടുതന്നെ പറ്റാവുന്നിടത്തോളം ഞാൻ അധ്വാനിച്ച് ജീവിക്കും…. ഇത് മാറ്റിവെക്കാൻ പറ്റിയില്ലെങ്കില്‍ ഒരുപക്ഷേ, ഞാൻ…” ജിത്തിന്റെ വാക്കുകള്‍ മുറിഞ്ഞു.