അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയകേസില്‍ ഏഴംഗ സംഘം അറസ്റ്റില്‍


ഗൂഡല്ലൂര്‍: പഞ്ചലോഹവും ഇരിഡിയവും നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച സംഭവത്തില്‍ അച്ഛനെയും മകനെയും തട്ടികൊണ്ടുപോയ ഏഴംഗ സംഘം അറസ്റ്റില്‍.
സംഭവത്തിലെ പ്രതികളെ പൊലീസ് നാലു മണിക്കൂറിനുളളില്‍ പിടികൂടി. തുടര്‍ന്ന് വഞ്ചനാക്കുറ്റത്തിന് അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാടന്തറയിലെ സുബ്രഹ്മണിയും (48) മകൻ ഹരിഹരനെ (21)യുമാണ് തട്ടിക്കൊണ്ടുപോയത്. അബ്ദുല്‍ അസീസ് (എറണാകുളം), ഷമീര്‍ (പാലക്കാട്), രഘുറാം(കൊച്ചി), നടരാജൻ(മേട്ടുപ്പാളയം), ബാബു(ഗൂഡല്ലൂര്‍ കാസിംവയല്‍), ബാബുലാല്‍(പാടന്തറ), രാജേഷ്കുമാര്‍, നിലോബര്‍ എന്നിവരെയാണ് ദേവര്‍ഷോല പൊലീസ് അറസ്റ്റ് ചെയ്തത്.
സുബ്രഹ്മണ്യനും മകനും പഞ്ചലോഹം ഉണ്ടെന്നു പറഞ്ഞ് ചിലരെ പറ്റിക്കുകയും ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് കേരളത്തില്‍ നിന്നുള്ള ഒരാളില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതുമായ സംഭവത്തിലാണ് ഇവരെ തട്ടിക്കൊണ്ടുപ്പോയത്. പിന്നീട് വഞ്ചനക്കുറ്റത്തിന് സുബ്രഹ്മണി (48) ഹരിഹരൻ (21) എന്നിവരെ അറസ്റ്റുചെയ്തതു. ഡിവൈ.എസ്.പി ശെല്‍വരാജ്, ഇൻസ്പെക്ടര്‍ തിരുമലൈരാജൻ, എസ്.ഐ ജെസുമരിയൻ, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ ബാബു, കോണ്‍സ്റ്റബിള്‍ അബ്ദുല്‍ ഖാദര്‍ എന്നിവരാണ് തട്ടിക്കൊണ്ടുപോയവരുടെ മൊബൈലും വാഹനവും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മസിനഗുഡിയില്‍വെച്ച്‌ വാഹന പരിശോധനയില്‍ പിടികൂടിയത്.