പൊന്നാനി നിളയോര പാതയിലെ കൈയേറ്റം; രണ്ടാംഘട്ട സർവ്വേ പുരോഗമിക്കുന്നു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം കണ്ടെത്താൻ ദൗത്യ സംഘത്തിന്റെ രണ്ടാംഘട്ട പരിശോധന തുടങ്ങി. ഇന്നലെ (ഒക്ടോബർ 25) രാവിലെ മുതൽ ഉച്ചവരെയാണ് 14 അംഗ ദൗത്യസംഘം പുഴയോരത്ത് സർവേ നടത്തിയത്.

ഈ ഭാഗത്ത് വീട്ടുകളുൾപ്പെടെ 51 കൈയേറ്റമാണ് കണ്ടെത്തിയിട്ടുള്ളത്. കൈവശരേഖയുള്ളതും ഇല്ലാത്തതും ഉൾപ്പെടെയാണിത്. നിളയോര പാതയിലെ ഒരു കിലോമീറ്റർ ഭാഗത്താണ് സർവേ നടത്തിയത്.

പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സർവേ നടപടികൾ പുരോമിക്കുന്നത്.

ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനായി സർവേ നടക്കുന്നത്.

കൈയേറിയ ഭൂമിയുടെ അളവും കെട്ടിട നിർമാണങ്ങളും മരങ്ങളും ഉൾപ്പെടെ വിവര ശേഖരണമാണ് പുരോഗമിക്കുന്നത്. ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക.

ഡപ്യൂട്ടി തഹസിൽദാർമാരായ എ.കെ. പ്രവീൺ, പി.കെ സുരേഷ്, വി.വി. ശിവദാസൻ, ടി.സുജിത്, താലൂക് സർവേയർ നാരായണൻ കുട്ടി, വില്ലേജ് ഓഫീസർമാരായ എൻ. പ്രദീപ് കുമാർ, ദീപുരാജ്, വില്ലേജ് ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ള സംഘമാണ് പുഴയോരത്ത് പരിശോധന നടത്തിയത്.