പരീ​ക്ഷഫലം ഒരുമാസത്തിനകം; ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ് ഒരുക്കി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: പി.ജി. പരീക്ഷകളില്‍ വിജയകരമായി നടപ്പാക്കിയ ബാര്‍കോഡ് സമ്പ്രദായം ബിരുദ പരീക്ഷകളിലേക്ക് കൂടി വ്യാപിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. നവംബര്‍ 13-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍, ഇന്റഗ്രേറ്റഡ് പി.ജി. പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ബാര്‍കോഡ് അടിസ്ഥാനമാക്കിയുള്ള ഉത്തരക്കടലാസുകളാണ് ഉപയോഗിക്കുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് അറിയിച്ചു.

അഫിലിയേറ്റഡ് കോളേജുകള്‍, വിദൂര വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന്‍ 2018-21 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) വിദ്യാര്‍ഥികളുടെ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകളുമാണ് നവംബര്‍ 13-ന് തുടങ്ങുന്നത്. ബാര്‍കോഡിങ് നടപ്പാക്കുന്നതോടെ ഉത്തരക്കടലാസുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് പരീക്ഷാഭവനിലേക്കെത്തിച്ച് ഫാള്‍സ് നമ്പറിട്ട് മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നത് ഒഴിവാക്കാനാകും.

ബുക്ക് ലെറ്റ് രൂപത്തിലുള്ള പ്രത്യേക ഉത്തരക്കടലാസുകളാണ് പരീക്ഷക്ക് ഉപയോഗിക്കുക. ക്യാമ്പുകളില്‍ പരീക്ഷാഭവന്‍ ജീവനക്കാര്‍ ഉണ്ടാകും. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് നേരിട്ട് ആപ്പ് വഴി രേഖപ്പെടുത്തുന്ന മാര്‍ക്ക് സര്‍വകലാശാലാ സെര്‍വറിലേക്ക് എത്തുന്നതിനാല്‍ പരീക്ഷാ ജോലികള്‍ ഗണ്യമായി കുറയും. അവസാന പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനകം ഫലം പ്രഖ്യാപിക്കാനാകുമെന്നതാണ് നേട്ടമെന്ന് പരീക്ഷാഭവന്‍ അധികൃതര്‍ അറിയിച്ചു.