ബങ്കളത്ത് കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം
നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ബങ്കളവും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികള്‍ കര്‍ഷകരുടെ വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു.
പുതുതായി ആരംഭിച്ചതും വിളവെടുക്കാനായതുമായ കൃഷികളാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. പകല്‍ അധ്വാനത്തില്‍ വിളയിക്കുന്ന കൃഷി പിറ്റേന്ന് രാവിലെയാകുമ്ബോഴേക്കും കൂട്ടമായി രാത്രിയില്‍ എത്തി നശിപ്പിക്കുകയാണ്.
ബങ്കളം മൂലയടുക്കത്തെ പി. തമ്ബാന്‍റെ വിളവെടുക്കാനായ നെല്‍കൃഷി കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. 25 സെന്റിലെ നെല്‍കൃഷിയാണ് നശിപ്പിച്ചത്. പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പ്രശ്നപരിഹാരമായില്ല. ബങ്കളത്തും പരിസരത്തും കാട്ടുപന്നികളുടെ അതിക്രമം ദിവസം കഴിയുന്തോറും രൂക്ഷമാവുകയാണ്. ആഴ്ചകള്‍ക്കുമുമ്ബ് തെക്കൻ ബങ്കളത്തെ രാജന്‍റെ നേന്ത്രവാഴകള്‍ കൂട്ടമായെത്തിയ കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു. കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവര്‍ തയാറായില്ലെങ്കില്‍ കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതി വരുമെന്നാണ് നെല്‍കര്‍ഷകര്‍ പറയുന്നത്.