ഇന്ത്യൻ വംശജരായ രണ്ട് ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി

വാഷിങ്ടണ്‍: രണ്ട് ഇന്തോ-യു.എസ് ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി. അശോക് ഗാഡ്കില്‍, സുബ്ര സുരേഷ് എന്നിവര്‍ക്കാണ് നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി ആൻഡ് ഇന്നവേഷൻ അവാര്‍ഡ് ആണ് ലഭിച്ചത്.
സാങ്കേതിക നേട്ടത്തിനുള്ള ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്.
കാലിഫോണിയ യൂനിവേഴ്സിറ്റിയിലെ പ്രഫസറും ലോറൻസ് ബെര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനുമാണ് അശോക് ഗാഡ്കില്‍. സുസ്ഥിര വികസന മേഖലയില്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് അദ്ദേഹം. വികസ്വര രാജ്യങ്ങളില്‍ ശുദ്ധജല ലഭ്യത, ഊര്‍ജ കാര്യക്ഷമത, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലാണ് ഗാഡ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുംബൈയില്‍ ജനിച്ച ഗാഡ്കില്‍ മുംബൈ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ ബിരുദവും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കാലിഫോണിയ യൂനിവേഴ്സിറ്റിയില്‍ നിന്നും ലോറൻസ് ബെര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറിയില്‍ നിന്നും എം.എസ്.സിയും പി.എച്ച്‌.ഡിയും കരസ്ഥമാക്കി.
ഇന്ത്യൻ വംശജനായ അമേരിക്കൻ ബയോ എഞ്ചിനീയര്‍, മെറ്റീരിയല്‍ സയന്റിസ്റ്റ്, അക്കാദമിക് വിദഗ്ധനുമാണ് സുബ്ര സുരേഷ്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മുൻ ഡീനും പ്രഫസര്‍ എമിരിറ്റസും ആണ്. എൻജിനീയറിങ്, ഫിസിക്കല്‍ സയൻസ്, ലൈഫ് സയൻസസ്, മെഡിസിൻ എന്നിവയിലാണ് അദ്ദേഹത്തിന്‍റെ ഗവേഷണം. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അഞ്ച് സ്കൂളുകളില്‍ ഒന്നിനെ നയിച്ച ആദ്യ ഏഷ്യൻ പ്രഫസറാണ് സുബ്ര.
അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും കേംബ്രിഡ്ജിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ പി.എച്ച്‌.ഡിയും സുബ്ര നേടി.