ഫ്രഞ്ച് ഫ്രൈസില്‍ സിഗരറ്റ് കുറ്റി; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോള്‍ മിക്കവരുടെയും ഒരാശങ്ക വൃത്തി തന്നെയായിരിക്കും. പലപ്പോഴും ഈ ആശങ്കയ്ക്ക് ശക്തി പകരുംവിധത്തിലുള്ള വാര്‍ത്തകളും നമ്മുടെ കണ്‍മുന്നില്‍ വെളിപ്പെടാറുണ്ട്.

പഴകിയ ഭക്ഷണം പിടിച്ചെടുത്തു, ഹോട്ടലുകളില്‍ ഭക്ഷണമുണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍, പുഴുവരിക്കുന്ന അടുക്കള എന്നിങ്ങനെയെല്ലാം വാര്‍ത്തകള്‍ വരുമ്പോള്‍ സ്വാഭാവികമായും അത് നമ്മെ മാനസികമായി ബാധിക്കാം.

ഇത്തരത്തിലുള്ള വാര്‍ത്തകളും അനുഭവങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായൊരു ഫോട്ടോ ആണിത്. ഫ്രഞ്ച് ഫ്രൈസിനകത്ത് സിഗരറ്റ് കുറ്റി.

സംഭവം നടന്നിരിക്കുന്നത് യുകെയിലെ ഒരു പട്ടണത്തിലാണ്. പക്ഷേ എവിടെ നടന്നിരിക്കുന്നു എന്നതല്ല- എത്രത്തോളം പ്രധാനമാണ് ഇങ്ങനെയുള്ള അശ്രദ്ധകള്‍ എന്നതാണ് കാര്യം. പലയിടങ്ങളിലും ഇത്തരത്തില്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണങ്ങളില്‍ മാലിന്യ വസ്തുക്കളോ, കലര്‍പ്പോ എല്ലാം കാണാം. എന്നാലിതിനെതിരെയെല്ലാം പ്രതികരിക്കുന്നവര്‍ കുറവാണ്.

അവിടെയാണ് ഗെമ്മ കിര്‍ക്ക് എന്ന യുവതി വ്യത്യസ്തയാകുന്നത്. കുഞ്ഞിനായി വാങ്ങിയ ഭക്ഷണപ്പൊതിയില്‍ സിഗരറ്റ് കുറ്റി കണ്ടെത്തിയ കാര്യം അവര്‍ പരസ്യമായി പങ്കുവച്ചു. ഭക്ഷണം വാങ്ങിയ റെസ്റ്റോറന്‍റില്‍ വിളിച്ച് ഇക്കാര്യം സംസാരിച്ചെങ്കിലും- സംസാരത്തിനിടെ വാക്കേറ്റമുണ്ടായതോടെ അവര്‍ ഫോണ്‍ കട്ട് ചെയ്യുകയാണ് ഉണ്ടായതെന്നും ഗെമ്മ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറയുന്നു.

ഫോട്ടോയില്‍ ഒരു ഫ്രഞ്ച് ഫ്രൈസ് പാക്കറ്റാണ് കാണുന്നത്. ഇതില്‍ ഒരു സിഗരറ്റിന്‍റെ വലിച്ചുതീര്‍ന്ന ബാക്കി കുറ്റിയും വ്യക്തമായി കാണാം. ബോക്സിനകത്ത് ചാരവും ഉണ്ടായിരുന്നുവെന്നാണ് ഗെമ്മ പറയുന്നത്. എന്തായാലും ഇവര്‍ പങ്കുവച്ച ഫോട്ടോ കാര്യമായി ശ്രദ്ധിക്കപ്പെടുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരിക്കുകയാണിപ്പോള്‍.

ഇത്തരത്തിലുള്ള ദുരനുഭവങ്ങളോട് സധൈര്യം പ്രതികരിക്കാൻ ഇതെല്ലാം ഊര്‍ജ്ജമാണെന്നും പുറത്തുനിന്നുള്ള ഭക്ഷണത്തിന്‍റെ ഗുണമേന്മ വലിയ രീതിയില്‍ കുറഞ്ഞുവരികയാണെന്നുമെല്ലാം നിരവധി പേര്‍ കമന്‍റായി കുറിച്ചിരിക്കുന്നു.