ദൗര്‍ഭാഗ്യവാനായ ആ കാട്ടുപോത്തിന്റെ ജഡം അധികം നോക്കിനില്‍ക്കാനായില്ല; പാണ്ടിപ്പത്തിലേക്ക്..

ഇടയ്ക്കിടെ മഴ പെയ്തിരുന്നതുകൊണ്ട് കാട്ടിനുള്ളിലെ അട്ടകളുടെ കടിയേല്‍ക്കാതിരിക്കാൻ ‘ലീച്ച്‌ സോക്സുകള്‍’ (Leeches: മഴയോടുകൂടി ആര്‍ദ്രവനങ്ങളില്‍ നിറയെ കാണപ്പെടുന്ന അട്ടകള്‍.

ഇവ കടിക്കുന്നതിനൊപ്പം ‘ഹിറുഡിൻ’ (Hirudin) എന്ന രാസപദാര്‍ത്ഥം ശരീരത്തിലേക്ക് കുത്തി വയ്ക്കുന്നതിനാല്‍ മുറിവായയില്‍ നിന്ന് രക്തം കട്ടപിടിക്കാതെ ഏറെ സമയം ഒഴുകിക്കൊണ്ടിരിക്കും) ഉപയോഗിക്കുന്നതാണ് ഉത്തമമെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞിരുന്നു. എന്നിട്ടും എനിക്ക് വല്ലാത്ത ഒരു മടിയായിരുന്നു. ഇട്ടിരുന്ന പാന്റ്സിന്റെ താഴ്വശം ഷൂവിനോടൊപ്പം ധരിച്ചിരിക്കുന്ന സോക്സിനുള്ളിലേയ്ക്ക് കടത്തിത്തിരുകി വച്ചു. ഇപ്പോള്‍ അതിനുമുകളില്‍ അട്ടകള്‍ കയറുകയാണെങ്കില്‍ കാണാൻ കഴിയും. തന്നെയുമല്ല ഗാഢവീര്യമുളള ഡെറ്റോളും കുപ്പിയില്‍ കരുതിയിട്ടുണ്ട്. ഇരുകൈകളിലും അത് കുറച്ചെടുത്ത് ഷൂവിനു മുകളില്‍ നന്നായി തേച്ചുപിടിപ്പിച്ചു. സാധാരണ ഗതിയില്‍ അട്ടകള്‍ രൂക്ഷഗന്ധമുള്ള ഡെറ്റോള്‍ മണത്താല്‍ പിന്നെ ആക്രമിക്കാൻ മടിക്കും. പക്ഷെ, മഴ പെയ്ത് ഷൂ നനഞ്ഞ് ഡെറ്റോള്‍ ഒലിച്ചുപോയാലോ പ്രതീക്ഷകള്‍ അപ്പാടെ പിഴക്കുകയും ചെയ്യും.

ഞങ്ങളിപ്പോള്‍ ബോണക്കാടുനിന്നും യാത്ര തിരിച്ചിട്ട് അര മണിക്കൂറിലേറെയാകുന്നു. ടാറിടാത്ത പാതയാകയാല്‍ നന്നെ പതിയെയായിരുന്നു യാത്ര. ഇത്തവണ പാണ്ടിപ്പത്തിലേയ്ക്കാണ്. മുൻപ് അവിടേയ്ക്ക് പല പ്രാവശ്യം പോയിട്ടുണ്ട്. തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ പേപ്പാറ വന്യജീവി സങ്കേതത്തിലെ അതിരുമല സെക്ഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുൻപ് ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി സഞ്ചാരികളെ അനുവദിച്ചിരുന്നപ്പോള്‍ വനാന്തരത്തിലേയ്ക്കുള്ള യാത്രയ്ക്കും താമസത്തിനുമായി വല്ലാത്ത തിരക്കായിരുന്നു. പക്ഷേ, പിന്നീട് വനാന്തരത്തിലെ ഈ Anti-Poaching camp shed വനംവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് ഔദ്യോഗിക ഫീല്‍ഡ് സഞ്ചാരത്തിനിടയില്‍ തങ്ങുന്നതിനുള്ള ക്യാമ്ബ് ഷെഡ്ഡായി മാറ്റിയിരിക്കുകയാണ്.

പാണ്ടിപ്പത്തിലെ ക്യാമ്ബ് ഷെഡ്

ഗോസ്റ്റ് ഹൗസ്

തൊഴിലാളി സമരങ്ങള്‍ കാരണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ബോണക്കാട് തേയിലത്തോട്ടങ്ങളിലൂടെയാണ് ആദ്യയാത്ര. മഹാരാഷ്ട്രയിലെ മഹാവീര്‍ പ്ളാന്റേഷൻ ആണ് തൊള്ളായിരം ഏക്കറോളം വരുന്ന ആ തോട്ടത്തിന്റെ ഉടമസ്ഥര്‍. നിരന്തരം ഉണ്ടായ തൊഴിലാളി സമരങ്ങള്‍ കാരണം അടച്ചുപൂട്ടിപ്പോയ കമ്ബനികളില്‍ ഒന്നാണത്. തീരെ കഷ്ടപ്പെടുന്ന തൊഴിലാളികളില്‍പ്പലരും ഇന്നും ഇവിടത്തെ തൊഴിലാളികളുടെ താമസത്തിനായി നിര്‍മ്മിച്ചിട്ടുള്ള ‘ലയങ്ങളില്‍’ താമസമുണ്ട്.

ഈ തേയിലത്തോട്ടത്തിലെ പ്രൗഢിയില്‍ മാനേജര്‍മാര്‍ താമസിച്ചിരുന്ന കെട്ടിടം അവഗണനയുടെ മാറാപ്പുകളും പേറി ഇപ്പോഴും അവിടെയുണ്ട്. അതിന്റെ വാതിലുകളും ജനാലകളും ഒക്കെ പല കാലങ്ങളിലായി ആരൊക്കെയോ ഇളക്കി കൊണ്ടുപോയിരിക്കുന്നു. അതിന്ന് അലഞ്ഞുനടക്കുന്ന കന്നുകാലികളുടെ രാത്രികാലങ്ങളിലെ അഭയകേന്ദ്രമായി മാറിയിരിക്കുന്നു. കാട് കയറി കാട്ടില്‍ താമസമാക്കുന്ന ഇത്തരം കന്നുകാലികള്‍ കേരളത്തിലെ വനമേഖലകളില്‍ പലയിടത്തും കാണാറുണ്ട്. അവറ്റകള്‍ സ്വന്തം ഉടമസ്ഥനെത്തേടി പിന്നെ തിരികെയെത്തുക പതിവില്ല. തലമുറകള്‍ കഴിയുമ്ബോള്‍ സാധാരണ കന്നുകാലികളിലേതിന് വിപരീതമായി ഇവ വന്യസ്വഭാവം ആര്‍ജിക്കുന്നതായും പലപ്പോഴും ആക്രമണത്തിന് വരെ മുതിരാറുള്ളതായും കണ്ടിട്ടുണ്ട്. കാട്ടിലെ പുലികള്‍ക്കും മറ്റും ഇവ ആഹാരമായിത്തീരുന്നതും പതിവാണ്.

പാണ്ടിപ്പത്ത്

വൈകുന്നേരങ്ങളില്‍ കോടമഞ്ഞ് മൂടുന്ന ഈ കെട്ടിടത്തിന്റെ മുന്നില്‍നിന്ന് നോക്കിയാല്‍ പേപ്പാറ ഡാമിന്റെ അതിമനോഹരമായ ദൃശ്യമാണ് കാണാനാവുക. കെട്ടിടത്തിന് ചുറ്റും പേരയും മാവും അവക്കാഡോ പോലുള്ള ഫലവൃക്ഷങ്ങളും സീസണുകളില്‍ വിളഞ്ഞു പഴുത്ത കായ്ഫലങ്ങളുമായി നില്‍ക്കുന്നുണ്ടാകും. അപൂര്‍വമായെങ്കിലുംആ സ്ഥലത്തെക്കുറിച്ച്‌ കേട്ടറിഞ്ഞ് പുറത്തുനിന്നും യാത്രക്കാര്‍ എത്താറുണ്ട്. അത്തരത്തിലെത്തിയ ആരോ എടുത്ത ചിത്രങ്ങള്‍ ടെലിവിഷൻ ചാനലുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും പ്രചരിച്ചതിനുശേഷം അവിടേയ്ക്ക് സഞ്ചാരികളുടെ ഒരു കുത്തൊഴുക്കുണ്ടായത് നിയന്ത്രിക്കാൻ വനം വകുപ്പിന് ഏറെ പണിപ്പെടേണ്ടിയും വന്നിട്ടുമുണ്ട്.

 

പാണ്ടിപ്പത്തിലേയ്ക്കുള്ള യാത്രയിലേയ്ക്ക് തിരികെയെത്താം. ബോണക്കാടുനിന്നും തുടങ്ങുന്ന പഴയ കുതിരപ്പാതയിലൂടെയാണ് വനാന്തരത്തിലെ ഈ സ്വപ്നഭൂമിയിലേയ്ക്കുള്ള യാത്ര. ചിലതൊക്കെ മണ്ണ് മൂടിപ്പോയിട്ടുണ്ടെങ്കിലും ദൂരം കാണിക്കുന്ന പത്ത് മൈല്‍ക്കുറ്റികള്‍ നടപ്പാതയുടെ വശങ്ങളിലായിക്കാണാം. തിരുവനന്തപുരത്തുനിന്നും ഏതാണ്ട് അൻപത് കിലോമീറ്റര്‍ ദൂരത്താണ് ബോണക്കാട് സ്ഥിതി ചെയ്യുന്നത്. നെടുമങ്ങാട്, വിതുര വഴിയാണ് ഇവിടേയ്ക്കുള്ള യാത്ര. അവിടെ നിന്നും കഷ്ടി പതിമൂന്ന് കിലോമീറ്റര്‍ ദൂരത്തോളം വണ്ടിയില്‍ത്തന്നെ സഞ്ചരിച്ചെത്താം.

 

സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3500 അടി ഉയരത്തിലുള്ള ഇവിടേയ്ക്ക് ഏറെ ദൂരവും വാഹനത്തില്‍ സഞ്ചരിക്കാമെന്നതാണ് വനാന്തരത്തിലെ മറ്റ് സമാന സ്ഥലങ്ങളില്‍ നിന്നും പാണ്ടിപ്പത്തിനെ വ്യത്യസ്ഥമാക്കുന്നത്. ഏതാണ്ട് നാലര കിലോമീറ്റര്‍ ദൂരമാണ് രണ്ടര മണിക്കൂറോളം നീളുന്ന പിന്നീടുള്ള നടത്ത. ആദ്യത്തെ എഴുന്നൂറ് മീറ്ററോളം ഉപേക്ഷിക്കപ്പെട്ട ബോണക്കാട് തേയിലത്തോട്ടത്തിലൂടെയുള്ള പടവുകള്‍ കയറ്റമാണ് ഈ യാത്രയിലുടനീളമുള്ള ഏക ദുര്‍ഘടം എന്ന് പറയാം. അതുകഴിഞ്ഞാല്‍പ്പിന്നെ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങളും ഈറ്റക്കാടുകളുമാണ്. അവിടെയാണ് നിലത്തും ഇലച്ചാര്‍ത്തുകളിലുമായി ആയിരക്കണക്കിന് ചോരകുടിയന്മാരായ അട്ടകള്‍ പതിയിരിക്കുന്നതും. ‘റീഡ് ബ്രേക്ക്സ്’ (Reed brakes) എന്നറിയപ്പെടുന്ന ഇത്തരം ഈറ്റക്കാടുകളില്‍ കാട്ടാനകളുടെ സ്ഥിരസാന്നിധ്യം പ്രതീക്ഷിക്കാവുന്നതാണ്.

 

‘റീഡ് ബ്രേക്ക്സ്’

 

പാണ്ടിപ്പത്തിലേയ്ക്കുള്ള വഴിയില്‍ കാട്ടുപോത്തിൻ കൂട്ടങ്ങളും മറ്റ് മൃഗങ്ങളേയും കാണുക സുലഭമാണ്. അനന്തമായ ഈ പുല്‍പ്പരപ്പ് തന്നെയാണ് സസ്യാഹാരികളായ മൃഗങ്ങളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതും. അതുപോലെ തന്നെയാണ് അവയെ ആഹാരമാക്കാനെത്തുന്ന മാംസാഹാരികളും. പാണ്ടിപ്പത്തിലെ ക്യാമ്ബ് ഷെഡ്ഡ് കഴിഞ്ഞുള്ള പുല്‍മേടുകളില്‍ കാട്ടുപട്ടികളും കടുവയുമൊക്കെ നായാടിക്കൊന്ന കാട്ടുപോത്തുകളുടെ തലയോട്ടികളും എല്ലുകളുമൊക്കെ കാണുന്നതും കേവല സാധാരണം മാത്രമാണ്. അത്തരത്തിലൊരു കാട്ടുപോത്തിന്റെ ഭീമൻ തലയോട്ടി നാളുകളോളം അവിടത്തെ പുല്‍മേട്ടില്‍ കിടന്നിരുന്നു.

കാട്ടുപോത്തിന്റെ നിലവിളി

മുൻപത്തെ ഒരു യാത്രയില്‍ രാത്രി വീശിയടിക്കുന്ന തണുത്ത ചൂളക്കാറ്റേറ്റ് മുറ്റത്ത് മുനിഞ്ഞുകത്തുന്ന തീ വിറകുകളെ നോക്കിയിരിക്കേ തെല്ലകലെനിന്നും മൃഗങ്ങളുടെ ആക്രന്ദനങ്ങള്‍ കാറ്റിലലിഞ്ഞെത്തിയത് ഇപ്പോഴും ഓര്‍ക്കുന്നു. കാട്ടുപോത്തിൻ കൂട്ടങ്ങളെ

കാട്ടുനായ്ക്കള്‍ വളഞ്ഞ് ആക്രമിക്കുന്നതായിരിക്കും എന്ന് വാച്ചറന്മാരാരോ പറഞ്ഞു. അത് ഏറെ ശരിയായിരുന്നുവെന്ന് പിറ്റേന്ന് കാലത്ത് അടുത്തുള്ള പുല്‍മേട്ടില്‍ പാതി തിന്നിട്ട ഒരു കാട്ടുപോത്തിന്റെ ശവം കണ്ടപ്പോള്‍ മനസ്സിലായി. കാട്ടുനായ്ക്കളും കഴുതപ്പുലികളുമൊക്കെ തങ്ങളേക്കാള്‍ പതിന്മടങ്ങ് ശക്തരായ ഇരകളെ പിന്തുടര്‍ന്ന് പിന്നില്‍നിന്നാണ് കൂട്ടത്തോടെ ആക്രമിക്കുക. അടിവയറ്, മലദ്വാരം, അകിട് തുടങ്ങിയ ശരീരത്തിലെ മൃദുഭാഗങ്ങളെ ലക്ഷ്യം വച്ചാണ് അവറ്റകളുടെ ആക്രമണം. ആഫ്രിക്കയിലെ സാവന്ന പുല്‍മേടുകളിലെവിടെയോ ഒരു കാട്ടുപോത്തിന്റെ വൃഷണങ്ങളില്‍ കടിച്ചുവലിച്ച്‌ ഒരു കഴുതപ്പുലി തന്നേക്കാള്‍ എത്രയോ ഭീമാകാരനായ ആ മഹിഷത്തിനെ വീഴ്ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതാണ് ഞാനപ്പോള്‍ ഓര്‍ത്തത്.

കണ്ണുകളും ചെവിയും വയറും നെഞ്ചും മലദ്വാരവുമൊക്കെ നായ്ക്കള്‍ തുരന്ന് തിന്ന, കുടല്‍മാലകള്‍ പുറത്തേയ്ക്ക് ചാടിയ

ദൗര്‍ഭാഗ്യവാനായ ആ കാട്ടുപോത്തിന്റെ ശവശരീരം എനിക്ക് അധികനേരം നോക്കിനില്‍ക്കാനായില്ല. കാടിന്റെ നീതിയാണത്. ശക്തന് മാത്രം നിലനില്‍ക്കാൻ കഴിയുന്ന പോര്‍മുഖം! പിന്നെ കൂട്ടായ്മയുടെ ശക്തി കൊണ്ടുമാത്രം നിലനില്‍ക്കുന്ന മറ്റ് കുറേപ്പേര്‍ കൂടി അരങ്ങ് വാഴുന്ന തട്ടകം! പ്രകൃതിയുടെ നിയമങ്ങള്‍ക്ക് എപ്പോഴും എതിരുനില്‍ക്കുന്നത് മനുഷ്യൻ മാത്രമാണല്ലോ. അപ്പോള്‍ എങ്ങുനിന്നെന്നറിയാതെ വല്ലാത്ത ശീതക്കാറ്റ് വീശിയടിച്ചു. അതിനുള്ളില്‍ നേരിയ മഴത്തുള്ളികളും നെയ്ത് പിടിപ്പിച്ചിരുന്നു. ഞങ്ങള്‍ നടത്തക്ക് വേഗം കൂട്ടി. ചോലക്കാടുകള്‍ പിന്നിട്ടാല്‍പ്പിന്നെ ഇളം പച്ചപ്പുല്ല് നിറഞ്ഞ പല്‍മേടുകളുടെ അനന്തമായ വിശാലതയാണ്. അതിനിടയ്ക്ക് അങ്ങിങ്ങായിക്കാണുന്ന വൃക്ഷക്കൂട്ടങ്ങളും കാട്ടരുവികളും. അതിന്റെ ഉച്ചിയിലായിക്കാണുന്ന പാണ്ടിപ്പത്തിലെ പുതുക്കിപ്പണിത ക്യാമ്ബ് ഷെഡ്ഡ് കാണാം. വീശിയടിക്കുന്ന മഴച്ചാറ്റലില്‍ വെള്ളമിറയ്ക്കുന്നതുകൊണ്ട് അകം മുഴുവൻ നനഞ്ഞുകിടന്നിരുന്ന പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഏറെമനോഹരിയായിരിക്കുന്നു.

പുതിയ കെട്ടിടം

ചൂട് കട്ടൻ ചായയും മൊത്തി പുറത്തേക്കിട്ട കസേരകളില്‍ ഉപവിഷ്ടരായി തെല്ലിട കഴിഞ്ഞതും പെട്ടെന്ന് പ്രകൃതി ഭാവം പകരുന്നതു പോലെ! എങ്ങുനിന്നെന്നില്ലാതെ വല്ലാത്ത മുരള്‍ച്ചയോടെ തണുത്ത കാറ്റ് വീശിയടിക്കുവാൻ തുടങ്ങി. മിനിട്ടുകള്‍ക്കകം കാഴ്ച മറച്ചുകൊണ്ട് പടര്‍ന്നെത്തിയ മൂടല്‍ മഞ്ഞിന്റെ അനവധികളായ അടരുകള്‍. പിന്നെ മഴയായിരുന്നു. നിലക്കാത്ത മഴ. സാധാരണ ഇത് പതിവില്ലാത്തതാണ്. മൂടല്‍മഞ്ഞും മഴയും കൂടി ഒരുമിച്ച്‌ വരാറില്ല. പുതുക്കിപ്പണിത കെട്ടിടത്തിന്റെ അകത്തേയ്ക്ക് ഓടിക്കയറിയെങ്കിലും പുറത്ത് കലിയടങ്ങാത്ത പ്രകൃതിയുടെ താണ്ഡവം നിലച്ചതേയില്ല. വൈകിട്ട് ലേശം താഴെയായി ചോലക്കാടുകള്‍ക്ക് അതിരിട്ടൊഴുകുന്ന കാട്ടുചോലയില്‍പ്പോയി കുളിക്കണമെന്നും അതും കഴിഞ്ഞ് കാട്ടുപോത്തിൻ കൂട്ടങ്ങള്‍ വിഹരിക്കുന്ന തമിഴ്നാട് അതിര്‍ത്തിയിലേയ്ക്ക് പോകണമെന്നും ഒക്കെയുണ്ടായിരുന്ന

ആഗ്രഹങ്ങളാണ് ആ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയകലുന്നത്!

നിരാശനായി തിരികെ

രാത്രി വൈകിയിട്ടും മഴ ശമിക്കുന്ന ലക്ഷണമില്ല. കെട്ടിടത്തിലെ ഗ്ളാസ്സ് ജനാലകളെ വിറകൊള്ളിച്ചുകൊണ്ട് കാറ്റ് വീശിക്കൊണ്ടേയിരുന്നു. പ്രകാശിച്ചുകൊണ്ടിരുന്ന സോളാര്‍ വിളക്കുകള്‍ ഏത് നിമിഷവും ചാര്‍ജ്ജ് തീര്‍ന്ന് നിന്നുപോകുമെന്ന അവസ്ഥയായതിനാല്‍ ഒരു ലൈറ്റ് മാത്രം തെളിച്ചാണ് ക്യാമ്ബില്‍ പാചകവും വിളമ്ബലും ആഹാരവുമൊക്കെ. കാറ്റിന്റെ ഹുങ്കാരത്തിന് കാതോര്‍ത്ത് കൂടെക്കൊണ്ടുപോയിരുന്ന സ്ളീപ്പിംഗ് ബാഗുകളുടെ അകത്തേക്ക് പരമാവധി നൂണ്ടുകയറി ഉറക്കം കാത്ത് കിടന്നു. പിറ്റേന്ന് കാലത്ത് എഴുന്നേറ്റപ്പോഴും തെല്ലും ശമനമില്ലാതെ തല്‍സ്ഥിതിതന്നെ തുടരുകയാണ്. ഇത്തവണത്തെ പാണ്ടിപ്പത്ത് യാത്ര തീരുമാനിച്ചത് വലിയ പിശകിപ്പോയെന്ന് മനസ്സിലായി. വയര്‍ലസ്സില്‍ വിളിച്ച്‌ തിരക്കിയപ്പോള്‍ തിരുവനന്തപുരത്തും കനത്ത മഴയാണെന്നാണ് അറിഞ്ഞത്. അതോടുകൂടി പ്രതീക്ഷകള്‍ പാടെ

അസ്തമിച്ചുവെന്ന് പറയുന്നതാകും ശരി. എത്രയോ തവണ വന്നിരിക്കുന്ന ഇടമാണത്. ഓരോ തവണയും പുത്തൻ കാഴ്ചകളും അനുഭവങ്ങളും കാത്ത് വയ്ക്കുന്ന പാണ്ടിപ്പത്തിന്റെ പ്രകൃതി പക്ഷേ ഇത്തവണ തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവമാണ് ഞങ്ങള്‍ക്കായി കരുതിയിരുന്നതെന്ന് മാത്രം. അങ്ങനെ സമാധാനിച്ചു.

പാണ്ടിപ്പത്തിലേയ്ക്കുള്ള വഴി

ഉച്ചക്ക് ആഹാരം കഴിഞ്ഞും മുറിയില്‍ അടച്ചുപൂട്ടിയുള്ള ഇരുപ്പ് തന്നെ. എകദേശം മൂന്ന് മണിയെങ്കിലും കഴിഞ്ഞിരിക്കണം. മഴയുടെ ശക്തി കുറഞ്ഞുതുടങ്ങി. എന്നിരുന്നാലും പൂര്‍ണമായി നിലച്ചിട്ടില്ല. ഇനിയും കാത്തിരിക്കുന്നതില്‍ കാര്യമില്ലെന്ന് അഭിപ്രായക്കാരായിരുന്നു എല്ലാവരും. തന്നെയുമല്ല മഴയും മഞ്ഞും ഇരുട്ടും കാടിനുള്ളിലെ സഞ്ചാരത്തിന് തീര്‍ത്തും അനുയോജ്യമല്ല. ചന്നം പിന്നം പെയ്യുന്ന മഴയേയും കാറ്റിനേയും വകവയ്ക്കാതെ ആടിയുലയുന്ന കുടകളുമായി തിരികെ ബോണക്കാട്ടിലേയ്ക്ക് മഴയില്‍ കുതിര്‍ന്ന് ഒരു മടക്കയാത്ര. ഇതിനു മുമ്ബ് കാണുകയും

ശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള പാണ്ടിപ്പത്തിനെക്കുറിച്ചുള്ള മധുരതരമായ ഓര്‍മകള്‍ മാത്രം അയവിറക്കിക്കൊണ്ട്… ഉടനെയുള്ള മറ്റൊരു തിരിച്ചു വരവിനെ സ്വപ്നം കണ്ടുകൊണ്ട്…!