ബംഗളൂരു-എറണാകുളം റൂട്ടില്‍ ദീപാവലി സ്പെഷലായി വന്ദേഭാരത്

തിരുവനന്തപുരം: ദീപാവലിക്കാല തിരക്ക് പരിഹരിക്കാൻ വന്ദേഭാരത് സ്പെഷല്‍ സര്‍വിസിന് റെയില്‍വേ തീരുമാനം. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചായിരിക്കും സ്പെഷല്‍ സര്‍വിസ്.

ബംഗളൂരു-എറണാകുളം റൂട്ടിലായിരിക്കും കേരളത്തിലെ വന്ദേഭാരത് സ്പെഷല്‍. ചെന്നൈ-ബംഗളൂരു, ബംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെയാകും സര്‍വിസ്.

ഔദ്യോഗിക സമയപ്പട്ടിക വെള്ളിയാഴ്ച രാത്രിയും ആയിട്ടില്ല. വ്യാഴാഴ്ച രാത്രി ചെന്നൈയില്‍നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലര്‍ച്ച നാലിന് ബംഗളൂരുവിലെത്തുമെന്നാണ് ലഭ്യമായ വിവരം.

പുലര്‍ച്ച 4.30ന് അവിടെനിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.30ന് എറണാകുളം എത്തുമെന്നും അറിയുന്നു. തിരികെ ഉച്ചക്ക് രണ്ടിന് പുറപ്പെട്ട് രാത്രി 10.30ന് ബംഗളൂരുവിലെത്തും. എട്ട് കോച്ചാണ് ഉണ്ടാവുക. ദീപാവലി സ്പെഷല്‍ സര്‍വിസ് ആയാണ് ആരംഭിക്കുകയെങ്കിലും യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചാല്‍ വാരാന്ത്യങ്ങളില്‍ സ്ഥിരം സ്പെഷല്‍ ആക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

തിരക്കുള്ള സമയങ്ങളില്‍ സ്പെഷല്‍ എക്സ്പ്രസുകള്‍ക്ക് പകരം ഉയര്‍ന്ന

നിരക്കിലെ വന്ദേഭാരതുകള്‍ സ്പെഷല്‍ ട്രെയിനുകളായി ഓടിക്കാനുള്ള തീരുമാനം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഉയര്‍ന്ന നിരക്കായതിനാല്‍ സാധാരണക്കാര്‍ക്ക് ആശ്രയിക്കാനാവില്ലെന്നതാണ് വിമര്‍ശനം.