കാട്ടാനശല്യം രൂക്ഷം; ഏറുമാടങ്ങളില്‍ കാവലിരുന്ന് കര്‍ഷകര്‍
പുല്‍പള്ളി: പാടശേഖരങ്ങളില്‍ നിര്‍മിച്ച ഏറുമാടങ്ങളില്‍ ഉറക്കമില്ലാതെ കര്‍ഷകര്‍. രൂക്ഷമായ കാട്ടാനശല്യത്തില്‍ നിന്ന് രക്ഷനേടാനാണ് കര്‍ഷകര്‍ ഏറുമാടങ്ങള്‍ കെട്ടിയത്.
ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലെല്ലാം ഏറുമാടങ്ങള്‍ ഇന്ന് കാഴ്ചയാണ്. മുമ്ബെല്ലാം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ മാത്രമായിരുന്നു കാട്ടാനകളുടെ ശല്യമെങ്കില്‍ ഇപ്പോള്‍ ജനവാസകേന്ദ്രങ്ങളില്‍ പോലും ആനയിറങ്ങുന്നത് പതിവാണ്.
വായ്പയെടുത്തും മറ്റുമാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ഇതിനിടയിലാണ് വന്യജീവി ശല്യം രൂക്ഷമായിരിക്കുന്നത്. കൃഷി സംരക്ഷിക്കാൻ കര്‍ഷകര്‍ പാടുപെടുകയാണ്. നെല്‍കൃഷി ഇറക്കിയ കര്‍ഷകരാണ് ഇപ്പോള്‍ ഏറുമാടങ്ങള്‍ കെട്ടി ആനയെ തുരത്താൻ നില്‍ക്കുന്നത്. പുല്‍പള്ളി, മുള്ളൻകൊല്ലി, തിരുനെല്ലി, പൂതാടി, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം ആനശല്യം വര്‍ദ്ധിച്ചിട്ടുണ്ട്. സന്ധ്യമയങ്ങുന്നതോടെ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തെ തുരത്താൻ കൃഷിയിടങ്ങളില്‍ കാവല്‍പുരകള്‍ നിര്‍മിച്ച് ഉറക്കമിളച്ച് കഴിയുകയാണ് കര്‍ഷകര്‍. പണ്ട് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമെല്ലാം ആനയെ തുരത്താൻ കഴിയുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതുക്കൊണ്ടൊന്നും കാര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.വനാതിര്‍ത്തികളില്‍ സ്ഥാപിച്ച വന്യജീവി പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതാണ് കാട്ടാനകള്‍ നാട്ടിലേക്കിറങ്ങാൻ പ്രധാന കാരണം. കൊയ്ത്ത് കഴിയും വരെ ഇനി കാവലിരിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.