ജന്മനാട് മടക്കിവിളിച്ചിട്ടും സൗമ്യ കേരളത്തിനൊപ്പം
പനാജി: ജന്മനാട് മടക്കിവിളിച്ചപ്പോള്‍ കേരളത്തിനൊപ്പമെന്നായിരുന്നു എസ്.സൗമ്യയുടെ തീരുമാനം. വിദേശപരിശീലമടക്കമുള്ള വാഗ്ദാനങ്ങളും സൗമ്യയുടെ മനസ്സിളക്കിയില്ല.
ഈ തീരുമാനം കേരളത്തിന് സമ്മാനിച്ചത് ഇരട്ടനേട്ടം. ഫെൻസിങ് വനിത വിഭാഗം സാബര്‍ വ്യക്തിഗത ഇനത്തില്‍ വ്യാഴാഴ്ച മെഡല്‍നേട്ടം സ്വന്തമാക്കിയ തലശേരി സായിയിലെ താരമായ എസ്. സൗമ്യ, വെള്ളിയാഴ്ച സാബര്‍ ഗ്രൂപ് ഇനത്തിലെ വെള്ളിത്തിളക്കത്തിലും പങ്കാളിയായി.
സ്കൂള്‍തലത്തില്‍ ഫെൻസിങ്ങില്‍ മികവ് കാട്ടിയതിനെ തുടര്‍ന്ന് ഒമ്ബതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സൗമ്യ തലശേരി സായിയിലേക്ക് എത്തുന്നത്. ഇവിടെനിന്ന് ദേശീയതാരമായി ഉയര്‍ന്ന സൗമ്യ, 2018ലെ കോമണ്‍വെല്‍ത്ത് ചാമ്ബ്യൻഷിപ്പില്‍ ഗ്രൂപ് ഇനത്തില്‍ വെള്ളി നേടിയിരുന്നു. കന്യാകുമാരി പണയം സ്വദേശിയായ സൗമ്യക്കുമേല്‍ ഇത്തവണ ദേശീയ ഗെയിംസില്‍ തമിഴ്നാടിനായി മത്സരിക്കാൻ സമ്മര്‍ദമുണ്ടായിരുന്നു. വിദേശപരിശീലനത്തിനൊപ്പം സ്കോളര്‍ഷിപ്പുകള്‍ അടക്കമുള്ള വാഗ്ദാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍, സൗമ്യ കേരളത്തിനൊപ്പം നിന്നു. എന്നാല്‍, തന്നെപ്പോലുള്ള താരങ്ങള്‍ക്ക് വിദേശപരിശീലനമടക്കം ഒരുക്കാൻ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
നിലവില്‍ കണ്ണൂര്‍ ആര്‍.എം.എസിലെ ജീവനക്കാരിയാണ്. മറ്റൊരു കേരള താരമായ കനകലക്ഷ്മിക്ക് തമിഴ്നാട് പത്ത് ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു.